ഡാൻസ് പരിശീലനത്തിനിടെ പ്ളസ് ടു വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം: പി ടി എ പ്രസിഡന്റായ സി പി എം നേതാവ് അറസ്റ്റിൽ
കാസർകോട്: പ്ളസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സി പി എം പ്രാദേശിക നേതാവിനെ പാെലീസ് അറസ്റ്റുചെയ്തു. ഏച്ചിക്കൊവ്വൽ ബ്രാഞ്ച് സെക്രട്ടറിയും സ്കൂൾ പി ടി എ പ്രസിഡന്റുമായ ടി.ടി ബാലചന്ദ്രനെയാണ് ചന്തേര പൊലീസ് അറസ്റ്റുചെയ്തത്. എറണാകുളം ഉൾപ്പടെ നിരവധി ഇടങ്ങളിൽ ഒളിവിലായിരുന്ന ഇയാളെ കാസർകോട് ആണൂരിൽ വച്ചാണ് പിടികൂടിയത്.സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് ഇയാൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്.നൃത്തപരിശീലനത്തിനിടെ ലൈംഗിക ഉദ്ദേശത്തോടെ സംസാരിക്കുകയും ശരീഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.ബാലചന്ദ്രനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയിരുന്നു. അതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. ഇയാളെ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കംചെയ്തുവെന്നാണ് റിപ്പോർട്ട്.