ബംഗാളില്‍ ബിജെപി മാര്‍ച്ചിനിടെ പോലീസ് ജീപ്പിന് തീകൊളുത്തുന്ന വീഡിയോ പുറത്ത്
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രാജിവെക്കണം എന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സമരക്കാര്‍ പൊലീസ് ജീപ്പിന് തീ വെയ്ക്കാനൊരുങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിഎസ് ശ്രീനിവാസും ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കാവി നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച ഒരാള്‍ സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് പോലീസ് ജിപ്പിനുള്ളിലെ ടൗവ്വലിന് തീകൊടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ‘ഏത് പാര്‍ട്ടിയുടെ കലാപകാരികളാണ് പശ്ചിമ ബംഗാളില്‍ പൊലീസ് ജീപ്പുകള്‍ കത്തിക്കുന്നത് എന്ന് തിരിച്ചറിയൂ എന്ന കുറിപ്പോടെയാണ് ശ്രീനിവാസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം പാര്‍ട്ടിക്കെതിരേയുള്ള ആരോപണം നിഷേധിച്ച് ബിജെപി രംഗത്തെത്തി. പോലീസ് ജീപ്പ് കത്തിച്ചതിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരല്ല, നിരായുധരായാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് ജിഹാദികളാണ് കലാപത്തിന് പിന്നിലെന്ന് സുവേന്ദു അധികാരി പറഞ്ഞു.
ബിജെപിയുടെ നബന്ന (സെക്രട്ടേറിയറ്റ്) ചോലോ പ്രതിഷേധ മാര്‍ച്ച് തടയാന്‍ പോലീസ് ശ്രമിച്ചതിനിടെ ഉണ്ടായ അക്രമത്തില്‍ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത ബിജെപി നേതാക്കളില്‍ സുവേന്ദു അധികാരിയും ഉള്‍പ്പെടുന്നു. സെക്രട്ടറിയറ്റിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് വിവിധയിടങ്ങളില്‍ പൊലീസ് തടഞ്ഞിരുന്നു. ഇതോടെയാണ് പൊലീസുകാര്‍ക്കു നേരെയും പൊലീസ് ജീപ്പുകള്‍ക്ക് നേരെയും സമരക്കാര്‍ അതിക്രമം നടത്തിയത്.