സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ 23ന് അടച്ചിടും; പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കാൻ ശ്രമമെന്ന് ഉടമകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ സെപ്റ്റംബർ 23ന് അടച്ചിടും. എച്ച്.പി.സി. പമ്പുകൾക്ക് മതിയായ ഇന്ധനം നൽകുന്നില്ലെന്നാണ് പരാതി. പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് ശ്രമിക്കുന്നുവെന്നും പമ്പ് ഉടമകൾ പറയുന്നു.
മതിയായ ഇന്ധനം ലഭിക്കുന്നില്ല എന്ന് വളരെ നാളുകളായി എച്ച്പിസി പമ്പുടമകൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇതുവരെയായി ഇതിന് പരിഹാരം ഉണ്ടായിരുന്നില്ല. സംസ്ഥാന തലത്തിൽ മന്ത്രിക്ക് നിവേദനം നൽകി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന് നേരിട്ട് പരാതി നൽകിയിട്ടും വിഷയത്തിൽ പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് പമ്പുടമകൾ പറയുന്നത്.
ഒപ്പം തന്നെ പ്രീമിയം പെട്രോൾ തങ്ങളിലേക്ക് അടിച്ചേൽപ്പിക്കുന്നുവെന്ന് പമ്പുടമൾ ഉന്നയിക്കുന്നുണ്ട്. പ്രീമിയം പെട്രോളിന്റെ വില ആറ് രൂപയ്ക്ക് മുകളിലാണ്. സാധാരണ പെട്രോൾ അടിക്കാൻ ചെല്ലുന്നവരെ പ്രീമിയം പെട്രോൾ അടിക്കാൻ നിർബന്ധിക്കൂ എന്നാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും മറ്റും പറയുന്നത് എന്ന് പമ്പുടമകൾ. ഇത് പലപ്പോഴായി പമ്പുകളിൽ വലിയ തർക്കത്തിന് കാരണമാകാറുണ്ട്.
സംസ്ഥാനത്തെ 35 ശതമാനത്തോളം പമ്പുകൾ എച്ച്പിസി ഡീലർമാർ നടത്തുന്നതാണ്. പ്രശ്നം അടിയന്തരമായി പ്രശ്നം പരിഹരിക്കാന്‍ സർക്കാർ ഇടപെടണമെന്നാണ് പമ്പുടമകളുടെ ആവശ്യം.