മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭാര്യയുടെ ഫേസ്ബുക്ക് പേജിൽ അസഭ്യ കമന്റുകൾ, അമ്പതുകാരി അറസ്റ്റിൽ, ഉപയോഗിച്ചിരുന്നത് 53 വ്യാജ അക്കൗണ്ടുകൾ
മുംബയ്: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പേജിൽ അപകീർത്തികരവും അസഭ്യവുമായ കമന്റുകൾ പോസ്റ്റ് ചെയ്ത അമ്പതുകാരി അറസ്റ്റിൽ. അമൃത ഫഡ്നാവിസിനെതിരെ മോശം കമന്റുകൾ പോസ്റ്റ് ചെയ്തെന്നാരോപിച്ച് സ്മൃതി പഞ്ചൽ എന്ന സ്ത്രീയെ ഇന്നലെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.അമൃതയുടെ ഫേസ്ബുക്ക് പേജിൽ കഴിഞ്ഞ രണ്ടുവർഷമായി ഇവർ വ്യാജ അക്കൗണ്ടുകൾ വഴി അസഭ്യമായ കമന്റുകൾ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്ക് 53 വ്യാജ ഫേസ്ബുക്ക് ഐഡികളും പതിമൂന്ന് ജിമെയിൽ അക്കൗണ്ടുകളും ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവരെ വ്യാഴാഴ്ചവരെ പൊലീസ് കസ്റ്റഡിയിൽ വയ്ക്കാൻ കോടതി അനുമതി നൽകിയിരിക്കുകയാണ്.അതേസമയം, സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അന്വേഷണചുമതല ഐടി കമ്പനികൾക്കും നൽകാനുള്ള നടപടിയെക്കുറിച്ച് പരിശോധിക്കണമെന്ന് കഴിഞ്ഞയാഴ്ച ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഈ രീതി അനേകം രാജ്യങ്ങളിൽ അവലംബിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നതിനെ സംബന്ധിച്ച് ശിവസേന എം എൽ സി മനീഷ കയൻദെയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുടനീളം 34 സൈബർ ഫോറൻസിക് ലബോറട്ടറികൾ പ്രവർത്തിക്കുന്നുണ്ട്. വെബ്സൈറ്റുകളും സമൂഹമാദ്ധ്യമങ്ങളും നിരീക്ഷിക്കുന്നുണ്ടെങ്കിലും ഇത്തരം പ്രവണതകൾ വർദ്ധിക്കുന്നതിനാൽ സൈബർ ഇന്റലിജൻസ് യൂണിറ്റ് ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഫഡ്നാവിസ് സൂചിപ്പിച്ചു.