തെരുവുനായ ബൈക്കിന് കുറുകെചാടിയുണ്ടായ അപകടം, തിരുവനന്തപുരം സ്വദേശിയായ ഇരുപത്തിയഞ്ചുകാരൻ മരിച്ചു
തിരുവനന്തപുരം: തെരുവുനായ ബൈക്കിന് കുറുകെചാടിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ മൂവേരിക്കര റോഡരികത്ത് വീട്ടിൽ ശോഭനയുടെ മകൻ അജിൻ എ എസ് (25) ആണ് മരിച്ചത്. അരുവിയോട് ജംഗ്ഷനിൽ വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.അജിൻ സഞ്ചരിച്ച വാഹനത്തിന് മുൻപിൽ പോകുകയായിരുന്ന ബൈക്ക് നായ കുറുകേ ചാടിയപ്പോൾ നിയന്ത്രണം തെറ്റി വീണു. ഈ ബൈക്കിൽ ഇടിച്ച് അജിനും ബൈക്കും തെറിച്ച് വീഴുകയായിരുന്നു. ഗുരുതര പരിക്കുകളോടെ അജിനെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശസ്ത്രക്രിയ അടക്കം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: നീതു, മകൾ: യുവാന.അതിനിടെ, തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം ഉണ്ടായി. നാഷണൽ ക്ളബ് ജീവനക്കാരനായ ശ്രീനിവാസനാണ് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സ്റ്റാച്യു ഊറ്റുകുഴിയിൽ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്ന ശ്രീനിവാസനെ നായ പുറകേയെത്തി കാലിൽ കടിക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവാണ് ഏറ്റിരിക്കുന്നത്. ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീനിവാസനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.