ഡോക്ടർമാർക്ക് മുന്തിയ ഇനം നായ്ക്കളെയും പോത്തിനെയും നൽകി വശത്താക്കി, കൊല്ലം വിനീഷ് ‘ടൂൾസ്’ ആക്കിയത് സ്ത്രീകളെയും പൂജാരിമാരെയും
ആലപ്പുഴ: ദേവസ്വം ബോർഡിലും ബിവറേജസ് കോർപ്പറേഷനിലും ജോലി വാഗ്ദാനം ചെയ്ത് പത്തു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി.വിനീഷ് രാജന്റെ (32) സംഘത്തിൽ സ്ത്രീകളും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ പൂജാരിമാരും ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണസംഘം കണ്ടെത്തി. 2017 മുതൽ സംസ്ഥാനമൊട്ടാകെ സംഘം തട്ടിപ്പു നടത്തിവരികയായിരുന്നു. വിവിധയിടങ്ങളിലായി 12 സബ് ഏജന്റുമാർ ഈ സംഘത്തിന് കൂട്ടായുണ്ട്. വിനീഷിനെതിരെ 36 കേസുകളിലായി രണ്ടേകാൽ കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. 89 പേർ തട്ടിപ്പിന് ഇരയായെന്നാണ് പ്രാഥമിക വിവരം. ഇവർ കൂടി പരാതി നൽകിയാലാണ് തട്ടിപ്പിന്റെ വ്യാപ്തി പത്തു കോടി കടക്കുക. പരാതി നൽകാതിരിക്കാൻ വിനീഷിന്റെ അഭിഭാഷകർ, തട്ടിപ്പിന് ഇരയായവരെ നേരിട്ട് കണ്ട് പണം മടക്കി നൽകുന്നതിന് ചെക്കുകൾ നൽകുന്നതായും പൊലീസ് വ്യക്തമാക്കി.ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, വെറ്ററിനറി ഡോക്ടർമാർ, പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയക്കാർ തുടങ്ങിയവർ പലവിധത്തിൽ തട്ടിപ്പിന് വിനീഷിനെ സഹായിച്ചതായി കണ്ടെത്തി. വിനീഷിന്റെ ഒരു ഷോപ്പ് മൃഗ ഡോക്ടറും എസ്.ഐയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ദേവസ്വം ബോർഡ് സൂപ്രണ്ടിന്റെ വ്യാജ ഒപ്പ് നിയമന ഉത്തരവിൽ ഇട്ടിരുന്നത് കേസിൽ ആദ്യം പിടിയിലായ അരുണാണ്. ഇയാൾ അറസ്റ്റിലാകുന്നതിന് മൂന്ന് ദിവസം മുമ്പ് ഒരു ഉദ്യോഗാർത്ഥിയിൽ നിന്ന് 13 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഈ മാസം 23 ന് കരീലകുളങ്ങര സ്പിന്നിംഗ് മില്ലിൽ ക്ളാർക്കായി ജോലിയിൽ പ്രവേശിക്കാൻ ഒരു ഉദ്യോഗാർത്ഥിക്ക് നിയമന ഉത്തരവും നൽകി. ഇതിൽ സംസ്ഥാന സഹകരണ വകുപ്പ് സെക്രട്ടറിയുടെ സീലും ഒപ്പുമാണ് പതിച്ചിരുന്നത്. അവിടെ ക്ളാർക്ക് തസ്തികയിൽ ഒഴിവില്ലെന്നും വ്യാജ നിയമന ഉത്തരവാണ് നൽകിയിരിക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. ഉദ്യോഗാർത്ഥിയിൽ നിന്ന് 15 ലക്ഷം രൂപയാണ് വാങ്ങിയത്. ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളുടെ ടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകളും സംഘം തയ്യാറാക്കി നൽകി.വിനീഷിന്റെ കൂട്ടു പ്രതികളായ ചെട്ടികുളങ്ങര കടവൂർ പത്മാലയം പി. രാജേഷ് (34), പേള പള്ളിയമ്പിൽ വി. അരുൺ (24), കണ്ണമംഗലം വടക്ക് മങ്കോണത്ത് അനീഷ് (24), ഓലകെട്ടിയമ്പലം ശ്രേഷ്ഠത്തിൽ എസ്.ആദിത്യൻ (22) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇനിയും ഏഴു പേർ കൂടി അറസ്റ്റിലാകാനുണ്ട്.മരുന്നിന് പകരം പോത്ത് !മൃഗാശുപത്രി വഴി വിതരണം ചെയ്യേണ്ട മരുന്നുകൾ ചില ഡോക്ടർമാർ വിനീഷിന് മറിച്ചു നൽകിയിരുന്നു. ഇതിന് പകരമായി മുന്തിയ ഇനം നായ്ക്കളെയും പോത്തുകളെയുമാണ് അവർക്ക് നൽകിയിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി; .തട്ടിപ്പിനായി സംഘം വാങ്ങിയ തുക (ലക്ഷത്തിൽ)ക്ളർക്ക്: 9- 15പ്യൂൺ: 5 -8കഴകം: 5സെക്യൂരിറ്റി : 5 -7