ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ മലയാളി വിദ്യാർത്ഥിനി മരിച്ച സംഭവം
ഖത്തർ: ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ മലയാളി വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്കൂൾ അടയ്ക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്. വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ സ്കൂൾ ജീവനക്കാർക്ക് വീഴ്ച ഉണ്ടായതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടി. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡനും ജീവനക്കാർക്കുമെതിരെയാണ് നടപടി.
നാലാം പിറന്നാൾ ദിനത്തിലാണ് മിൻസ മറിയം ജേക്കബ് എന്ന നാലു വയസുകാരിക്ക് സ്കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ ജീവൻ നഷ്ടമായത്. രാവിലെ സ്കൂളിലേക്ക് വന്ന കുട്ടി ബസിനുള്ളിലിരുന്ന് ഉറങ്ങിപ്പോയത് അറിയാതെ ബസ് ജീവനക്കാർ വാഹനം പൂട്ടി പോവുകയായിരുന്നു. ബസിനുള്ളിൽ കുടുങ്ങിയ കുട്ടി കനത്ത ചൂടിൽ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം.
മിൻസയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. രണ്ട് ദിവസം നീണ്ട വിശദമായ ഫോറൻസിക് മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ് മിൻസയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്.
ഇന്ന് രാവിലെ എട്ടരയോടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. അൽ വക്രയിലെ മോർച്ചറിക്ക് മുന്നിൽ നൂറ് കണക്കിനാളുകളാണ് മിൻസയ്ക്ക് അന്ത്യാഞ്ജലികൾ അർപ്പിക്കാനെത്തിയത്.