തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ തര്‍ക്കം മുറുകുന്നതിനിടെ നിയമസഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിനും അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണര്‍ . സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയുടെ നിയമവശം രാജ്ഭവന് പരിശോധിക്കുമെന്നാണ് വിവരം. പൗരത്വ നിയമത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്നുള്ള കാര്യത്തില്‍ ഗവര്‍ണറുടെ ഓഫീസ് സര്‍ക്കാരിനോട് വിശദീകരണം തേടിയേക്കും.
സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് രാജ്ഭവനിലെത്തിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സര്‍ക്കാരിന്റെ നിലപാടുകളും പ്രതിഷേധങ്ങളും നിയമസഭയില്‍ പാസാക്കിയ പ്രമേയവും എല്ലാം പരാമര്‍ശിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ തിരുത്തല്‍ വേണമെന്നാണ് ഗവര്‍ണറുടെ ആവശ്യം.