ഓരോ അഞ്ചു മിനിട്ടിലും ആംബുലൻസുകൾ ചീറിപ്പായുന്നു, കേരളത്തിലെ റോഡുകളുടെ അവസ്ഥ പരിതാപകരമെന്ന് രാഹുൽ ഗാന്ധി
തിരുവനന്തപുരം: കേരളത്തിലെ റോഡുകളുടെ അവസ്ഥ പരിതാപകരമെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര മൂന്നുദിവസം പിന്നിട്ടപ്പോൾ താൻ തിരിച്ചറിഞ്ഞ കാര്യം കേരളത്തിലെ റോഡുകളുടെ അശാസ്ത്രീയ നിർമാണമാണെന്ന് രാഹുൽഗാന്ധി പറഞ്ഞു.
കടന്നുപോയ റോഡുകളിൽതന്നെ ഓരോ അഞ്ചു മിനിറ്റിലും ഒരു ആംബുലൻസ് എന്ന കണക്കിന് ചീറിപ്പായുന്നത് കാണുന്നുണ്ട്. അപകടമുണ്ടാക്കുംവിധം ആംബുലൻസുകളുടെ ചീറിപ്പായലും അമ്പരപ്പിച്ചു. ആംബുലൻസുകൾക്കുള്ളിൽ ഏറെയും റോഡപകടങ്ങളിൽപെട്ടവരാണെന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞു. ആദ്യം താൻ കരുതിയത് അമിതവേഗത്തിൽ വാഹനമോടിക്കുന്നതാണ് കാരണമെന്നാണ്. എന്നാൽ അതല്ല ഇവിടത്തെ റോഡുകളുടെ അശാസ്ത്രീയ നിർമാണമാണ് ഇത്രയും അപകടങ്ങൾക്ക് കാരണമെന്നാണ് മനസിലായത്.
സർക്കാരിനെയോ ഭരണപക്ഷത്തെയോ വിമർശിക്കാനല്ല ഇത് പറയുന്നതെന്നും, ഇപ്പോൾ ഭരിക്കുന്നത് എൽ.ഡി.എഫ്. ആണെങ്കിൽ മുൻകാലത്ത് യു.ഡി.എഫും ഭരിച്ചിട്ടുണ്ടെന്ന് രാഹുൽ ഓർമ്മിപ്പിച്ചു. റോഡ് നിർമ്മാണത്തിലെ അപാകതയ്ക്ക് പരിഹാരം കാണണമെന്നും രാഹുൽ ആവശ്യപ്പെട്ടു.