ആനകളെ തുരത്തുന്നതിനിടെ സേനാംഗത്തിന് വീണ് പരിക്കേറ്റു; വിദഗ്ധരെ നിയോഗിക്കണമെന്ന് കർഷകർ
കാനത്തൂർ : ആനതുരത്തലിനിടെ ദ്രുതകർമസേനാംഗത്തിന് വീണ് പരിക്കേറ്റു. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കാറഡുക്ക സംരക്ഷിതവനത്തിൽ കയറ്റിവിടുന്നതിനിടെ ആന ആക്രമിക്കാൻ നോക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദ്രുതകർമസേനാംഗമായ ഇരിയണ്ണി തീയടുക്കം സ്വദേശി സനലിന് (23) സാരമായി പരിക്കേൽക്കുകയുംചെയ്തു. ഇയാളെ കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ കർമന്തോടിയിലും പരിസരത്തും വ്യാപകമായി കൃഷി നശിപ്പിച്ച കാട്ടാനകളെയാണ് വനപാലക സംഘം ഉൾവനത്തിലേക്ക് തുരത്താനിറങ്ങിയത്. കൈയെല്ല് പൊട്ടിയതിനാൽ സനലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. മേഖലയിൽ ആനശല്യം രൂക്ഷമായതിനാൽ പത്തോളംവരുന്ന സേനാംഗങ്ങളോടൊപ്പം തുരത്തലിന് പോയതായിരുന്നു സനൽ.
കളക്ടറെ കണ്ട് നിരാശരായി അവർ മടങ്ങി
ഗത്യന്തരമില്ലാതെ അവർ വീണ്ടും കളക്ടറെ കണ്ടു. മുൻ സന്ദർശനത്തിൽ ആനകളെ ഉടൻ തുരത്തുമെന്നായിരുന്നു കളക്ടറുടെ വാഗ്ദാനം. എന്നാൽ അന്നുണ്ടായിരുന്ന എട്ട് ആനകളുടെ സ്ഥാനത്ത് ഇപ്പോൾ 15 ആനകളാണുള്ളത്. കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിൽ നിരന്തരമായി കൃഷിനാശംവരുത്തുന്ന ഇവയെ ഉടൻ തുരത്തണമെന്ന കർഷകരുടെ ആവശ്യം കളക്ടർ ഗൗരവത്തിലെടുത്തില്ലെന്ന് കർഷകർ പറയുന്നു. ഈമാസം 30-നകം ആനകളെ തുരത്തുമെന്നാണ് കർഷകർക്ക് ഇപ്പോൾ ലഭിച്ച വാഗ്ദാനം. അപ്പോഴേക്കും പയസ്വിനിക്കരയിൽ കൃഷി പോയിട്ട് മനുഷ്യർപോലും ബാക്കിയുണ്ടാവില്ലെന്നാണ് കർഷകരുടെ അഭിപ്രായം. ജനപ്രതിനിധികളുടെ യോഗം വിളിച്ച് ആനതുരത്തൽ ഊർജിതമാക്കാനാണ് അധികൃതരുടെ നീക്കം. എന്നാൽ പരിശീലനം സിദ്ധിച്ച പ്രത്യേക ദൗത്യസേനയെ നിയോഗിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
വേലി നാല് കിലോമീറ്റർ പൂർത്തിയായി
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന സൗരോർജ തൂക്കുവേലിയുടെ നാല് കിലോമീറ്റർ നിർമാണം പൂർത്തിയായി. ആദ്യഘട്ടത്തിൽ എട്ട് കിലോമീറ്റർ വേലി നിർമാണമാണ് ലക്ഷ്യമിടുന്നത്. അഡൂർ, കാറഡുക്ക, മുളിയാർ വനമേഖലകളിലേക്ക് പ്രധാനമായും ആനകളെത്തുന്ന പുലിപ്പറമ്പ് മേഖലയിൽ വേലിനിർമാണം പൂർത്തിയായിരിക്കുകയാണ്. എന്നാൽ വേലി ചാർജ് ചെയ്യുക ഇപ്പോൾ സാധ്യമല്ല. 15 ആനകളാണ് കാറഡുക്ക, മുളിയാർ വനത്തിലായി ഇപ്പോൾ തമ്പടിച്ചിരിക്കുന്നത്. ഇവയെ പുലിപ്പറമ്പ് കടത്താതെ വേലി ചാർജ് ചെയ്താൽ വിപരീത ഫലം ഉണ്ടാക്കും. കർണ്ണാടകയിൽനിന്ന് സംസ്ഥാനത്തേക്ക് ആനകൾ പ്രവേശിക്കുന്ന ആനത്താരയിൽ വേലിനിർമാണം പൂർത്തിയായ സ്ഥിതിക്ക് ആനകളെ തുരത്താൽ കാലതാമസമെന്തിനാണെന്നാണ് കർഷകരുടെ ചോദ്യം