ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാവും വിഖ്യാത സംവിധായകനുമായ ഗൊദാർദ് അന്തരിച്ചു
വിഖ്യാത സംവിധായകൻ ജോൻ ലുക് ഗൊദാർദ് അന്തരിച്ചു. 91 വയസായിരുന്നു. ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാവ് എന്നാണ് ഗൊദാർദ് വിശേഷിപ്പിക്കപ്പെടുന്നത്. ബ്രത്ലസ് കണ്ടംപ്റ്റ്, മൈ ലൈഫ് ടു ലിവ്, എ വുമൺ ഈസ് എ വുമൺ, ടൂ ഓർ ത്രീ തിംഗ്സ് ഐ നോ എബൗട്ട് ഹെർ, ആൽഫാ വില്ലേ, ലാ ചിനോയിസ് തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ. 45 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.2021ൽ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ആജീവനാന്ത സംഭാവനയ്ക്കു നൽകുന്ന രാജ്യാന്തര പുരസ്കാരം നൽകി കേരളം അദ്ദേഹത്തെ ആദരിച്ചിരുന്നു. സംവിധാനത്തിനൊപ്പം നടൻ, സിനിമാ നിരൂപകൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിർമ്മാതാവ് എന്നീ നിലകളിലും പ്രശസ്തനായിരുന്നു.സ്വിറ്റ്സർലൻഡിൽ അണക്കെട്ടു നിർമാണ പദ്ധതിയിൽ ജോലി ചെയ്യുന്ന കാലത്ത് ഓപ്പറേഷൻ ബീറ്റൻ എന്ന ഹ്രസ്വചിത്രം നിർമ്മിച്ചു. പിന്നീടും ഹ്രസ്വചിത്രങ്ങൾ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിരുന്നു. ഫിലിം ക്ലബുകളുടെ സജീവപ്രവർത്തകനായിരുന്ന അദ്ദേഹം 1950കളിൽ കുറച്ചുകാലം ഒരു സിനിമാ മാസികയും നടത്തിയിരുന്നു.1960 ൽ പുറത്തിറങ്ങിയ ബ്രത്ലസ് ആണ് ആദ്യ സിനിമ. ഫ്രഞ്ച് നവതരംഗ സിനിമയിലെ നാഴികക്കല്ലുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ ചിത്രമാണ് ഗൊദാർദിന് വിഖ്യാതി നേടികൊടുത്തത്.