2021 ൽ ദേശീയ പാതയിൽ 1.65 കോടി രൂപ കൊള്ളയടിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ
കാസർകോട്: മൊഗ്രാൽ പുത്തൂർ ദേശീയപാതയിൽ മഹാരാഷ്ട്ര ആസ്ഥാനമായുള്ള ജ്വലറി വ്യാപാരിയുടെ 1.65 കോടി രൂപ കൊള്ളയടിച്ചെന്ന കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ സിനിൽ ആണ് അറസ്റ്റിലായത്. എറണാകുളത്ത് നിന്ന് കസ്റ്റഡിയിലെടുത്ത സിനിലിനെ തിങ്കളാഴ്ച രാത്രി കാസർകോട്ട് എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിന്റെ അന്വേഷണത്തിലെ നിർണായക അറസ്റ്റാണ് ഇത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 22 ന് മൊഗ്രാൽ പുത്തൂരിൽ വെച്ച് ആഭരണ വ്യാപാരി കൈലാഷിന്റെ ഡ്രൈവർ രാഹുൽ മഹാദേവ് ജാവിറിനെ സംഘം ഇനോവ കാർ അടക്കം തട്ടിക്കൊണ്ട് പോവുകയും പണം കവരുകയും ചെയ്തെന്നാണ് കേസ്. പിന്നീട് ഇയാളെയും കാറിനെയും പയ്യന്നൂരിൽ ഉപേക്ഷിക്കുകയായിരുന്നു. 11 പ്രതികളുള്ള കേസിൽ മിക്കവാറും പേർ നേരത്തെ അറസ്റ്റിലായിരുന്നു. 30 ലക്ഷം രൂപയും 72 ഗ്രാം സ്വർണവും ഏഴ് ബൈകുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നിരവധി കേസുകളിൽ പ്രതിയായ സിനിൽ ആർഎസ്എസ് നേതാവായ കതിരൂർ മനോജ് (42) വധക്കേസിലെ ഒമ്പതാം പ്രതി കൂടിയാണെന്ന് പൊലീസ് പറഞ്ഞു. കാസർകോട്ടേതിന് സമാനമായി മലപ്പുറത്ത് നടന്ന പണം കൊള്ളയടിച്ച കേസിലും ഇയാൾ പ്രതിയാണ്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള വ്യാപാരിയെ കൊള്ളയടിക്കാൻ സിനിൽ അടക്കം 11 പേരടങ്ങുന്ന സംഘമാണ് പ്രവർത്തിച്ചതെന്നും മിക്കവാറും എല്ലാ ടീമംഗങ്ങളും ജയിലിൽ വെച്ച് പരസ്പരം പരിചയപ്പെട്ടവരാണെന്നും പൊലീസ് പറയുന്നു.
പണം കവർന്ന ശേഷം സിനിലിന്റെ സംഘം പയ്യന്നൂരിലെത്തി ഇവർ സഞ്ചരിച്ച വാഹനത്തിന്റെ വ്യാജ നമ്പർ പ്ലേറ്റ് മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായകമായി. മണൽ കടത്ത് സംഘങ്ങളെ പിടികൂടാൻ പൊലീസ് കാട്ടിനുള്ളിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് ഇവർ കുടുങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ 550 ഓളം സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പറശ്ശിനിക്കടവിൽ നിന്നുള്ള ദൃശ്യത്തിൽ കൂടുതൽ വ്യക്തത വരികയായിരുന്നു. പ്രതികൾ ഫോൺ ഉപയോഗിക്കാത്തത് മൂലം ഇവരിലേക്ക് എത്തുന്നതിന് തടസമായതായി പൊലീസ് വ്യക്തമാക്കുന്നു.
കേസ് അന്വേഷിക്കുന്ന സിഐ പി അജിത് കുമാർ, രതീഷ്, സുനിൽ, സുരേന്ദ്രൻ, രജിത് കുമാർ, വിജയ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.