തലസ്ഥാനത്ത് ലഹരി ഗുളികകളുമായി ദമ്പതികളായ നഴ്സിംഗ് വിദ്യാർത്ഥികൾ പിടിയിൽ
തിരുവനന്തപുരം : ലഹരി ഗുളികകളുമായി ദമ്പതികളായ നഴ്സിംഗ് വിദ്യാർത്ഥികൾ പിടിയിൽ. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചു തിരുവനന്തപുരം ചാക്ക ബൈപ്പാസിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ബൈക്കിൽ സഞ്ചരിച്ച ദമ്പതികൾ പിടിയിലായത്. ഇവരുടെ കൈവശം 200 നൈട്രോസെപാം ഗുളികകളുണ്ടായിരുന്നു. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചിറയിൻകീഴ് സ്വദേശിയായ പ്രജിൻ (27), ഇയാളുടെ ഭാര്യ ദർശന എസ് പിളള (22) എന്നിവരാണ് പിടിയിലായത്.
അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥികളാണ് പ്രജിനും ദർശനയും. പരിശോധനയിൽ തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർ കെ.സാജു , പ്രിവന്റീവ് ഓഫീസർ ബിജു കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണ പ്രസാദ്, അജിത്ത് , അൽത്താഫ്, അഭിജിത്ത് , വനിത സിവിൽ എക്സൈസ് ഓഫീസർ സജീന എന്നിവർ പങ്കെടുത്തു.