അമ്മ ജനലിന് അരികെ വച്ചിരുന്നത് ചോക്ളേറ്റ് കേക്ക് ആണെന്ന് കരുതി, എലിവിഷം കഴിച്ച പതിനാലുകാരി മരിച്ചു
കോട്ടുച്ചേരി: ചോക്ളേറ്റ് കേക്ക് ആണെന്ന് കരുതി എലിവിഷം കഴിച്ച പതിനാലുകാരി മരിച്ചു. പോണ്ടിച്ചേരി കാരൈയ്ക്കലിലെ കോട്ടുച്ചേരിയിൽ ആർ സ്റ്റെല്ലാ മേരിയുടെ മകൾ ആർ സലോത്ത് നിതിക്ഷിന (14) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.ശരീരചലനത്തെ ബാധിക്കുന്ന ഡിസ്റ്റോണിയ എന്ന രോഗം കണ്ടെത്തിയതിന് പിന്നാലെ സലോത്ത് രണ്ടുവർഷം മുൻപ് പഠനം നിർത്തി വീട്ടിൽതന്നെ കഴിയുകയായിരുന്നു.ഞായറാഴ്ച ഉച്ചയോടെ തളർച്ചയും ഛർദ്ദിയും അനുഭവപ്പെട്ടതിന് പിന്നാലെ മാതാവ് വിവരം തിരക്കിയപ്പോൾ ജനലിന് അരികെ വച്ചിരിക്കുകയായിരുന്ന ചോക്ളേറ്റ് കേക്ക് കഴിച്ചതായി പെൺകുട്ടി പറഞ്ഞു. ഇതറിഞ്ഞ് അമ്പരന്ന സ്റ്റെല്ല മകളെ കോട്ടുച്ചേരി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് സലോത്തിനെ കാരൈയ്ക്കൽ സർക്കാർ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.ഐസിയുവിൽ ചികിത്സയിലായിരുന്ന സലോത്ത് പിന്നാലെ മരണപ്പെടുകയായിരുന്നു. കേക്ക് ആണെന്ന് കരുതി എലിവിഷമായിരുന്നു പെൺകുട്ടി കഴിച്ചത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കോട്ടുച്ചേരി പൊലീസ് അറിയിച്ചു.