പിറ്റ് ബുള്ളിനെ ഭയന്ന് ഉടമകൾ; വൃദ്ധയെ ആക്രമിച്ച് കൊന്നതിന് പിന്നാലെ നായ്ക്കൾ തെരുവിൽ ഉപേക്ഷിക്കപ്പെടുന്നു
നോയിഡ: മാസങ്ങൾക്ക് മുമ്പ് പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായ കടിച്ച് ഉടമയുടെ അമ്മ മരിച്ച സംഭവം മൃഗസ്നേഹികൾക്കിടയിൽ വലിയ ഞെട്ടൽ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഉടമകൾ പിറ്റ് ബുൾ നായ്ക്കളെ ഉപേക്ഷിക്കുന്നുവെന്ന് റിപ്പോർട്ട്. ഒരു എൻജിഒയുടെ കീഴിൽ പ്രവർത്തിക്കുന്ന നോയിഡയിലെ തെരുവ് നായ്ക്കൾക്കായുള്ള ആലയത്തിന് മുന്നിൽ ആറ് പിറ്റ് ബുള്ളുകളെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഇത്രയും പിറ്റ്ബുള്ളുകൾ ഉപേക്ഷിക്കപ്പെടുന്നതെന്ന് എൻജിഒ സ്ഥാപകൻ സഞ്ജയ് മൊഹാപത്ര പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 200ലേറെ കോളുകളാണ് ഇവർക്ക് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പിറ്റ് ബുള്ളുകളെ റോഡിൽ ഉപേക്ഷിക്കുന്ന പ്രശ്നത്തിന് പരിഹാരമില്ലെന്നും ഉടമകൾക്ക് ട്രെയിനിംഗ് നൽകുകയാണ് വേണ്ടതെന്നും സഞ്ജയ് മൊഹാപത്ര കൂട്ടിച്ചേർത്തു. പിറ്റ് ബുള്ളുകളെ ഉപേക്ഷിക്കുന്നതാണ് കൂടുതൽ അപകടം. പലരും ഒരു അലങ്കാരമായി മാത്രമാണ് ഇവയെ കാണുന്നത്. നായകളെ ഉപേക്ഷിക്കുന്നത് അവസാനിപ്പിക്കാൻ ബോധവൽക്കരണ ക്യാമ്പുകൾ നടത്താനൊരുങ്ങുകയാണ് തന്റെ എൻജിഒ എന്നും സഞ്ജയ് വ്യക്തമാക്കി.