കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക്; അടുത്തമാസം സന്ദർശിക്കുക ബ്രിട്ടനും നോർവെയും ഫിൻലൻഡും
തിരുവനന്തപുരം: നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങൾക്കുമായി മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്യൻ സന്ദർശനത്തിനൊരുങ്ങുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, വ്യവസായ മന്ത്രി പി രാജീവ്, ധനമന്ത്രി കെ എൻ ബാലഗോപാൽ തുടങ്ങിയവരാണ് വിദേശത്തേക്ക് പോകുന്നതെന്നാണ് റിപ്പോർട്ടുകൾ.ബ്രിട്ടൻ, നോർവെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലേക്കാകും മന്ത്രിമാർ പോകുക. വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങൾക്കായി ഫിൻലൻഡ് സർക്കാരിന്റെ ക്ഷണപ്രകാരമാണ് അവിടേക്ക് പോകുന്നത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് ഫിൻലൻഡ് സന്ദർശിക്കുന്നത്.നിക്ഷേപങ്ങൾ ആകർഷിക്കാൻ വേണ്ടിയാണ് മന്ത്രിമാരുടെ ബ്രിട്ടൻ സന്ദർശനം. മന്ത്രി കെ എൻ ബാലഗോപാലും മന്ത്രി പി രാജീവും ഉൾപ്പടെയുള്ളവരാണ് ബ്രിട്ടണിലേക്ക് പോകുന്നത്. നോർവെയിലും മന്ത്രിമാർ സന്ദർശനം നടത്തും. അടുത്തമാസമായിരിക്കും സന്ദർശനം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള മന്ത്രിമാരുടെ വിദേശയാത്രയ്ക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.