കാട്ടായിക്കോണത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച സംഭവം; പ്രവാസി പിടിയിൽ
തിരുവനന്തപുരം: കാട്ടായിക്കോണത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജിയെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. വെമ്പായം ഒഴുകുപാറ സ്വദേശിയായ നിഷാദിനെ(37)യാണ് പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രവാസിയായ ഇയാൾ അവധിക്ക് നാട്ടിലെത്തിയതാണ്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. നിഷാദിനൊപ്പമുണ്ടായിരുന്ന ഒരാൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇരുവരും സഞ്ചരിച്ച കാറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.ഇന്നലെയാണ് ഷാജിക്ക് നേരെ ആക്രമണമുണ്ടായത്. വാഹനം സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കാറിൽ എത്തിയ സംഘം ബിയർ കുപ്പികൊണ്ട് ഷാജിയുടെ തല അടിച്ചുപൊട്ടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.