വിലക്കേർപ്പെടുത്തിയത് വിവാദമായതോടെ മറ്റുജാതിക്കാരെ വിവാഹം ചെയ്താൽ വിലക്കേർപ്പെടുത്തുന്ന സമ്പ്രദായം എടുത്തുമാറ്റി പ്രശസ്ത രാജകുടുംബം
കൊച്ചി: താഴ്ന്ന ജാതിക്കാരെ വിവാഹം ചെയ്താൽ മരണാനന്തരകർമ്മങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന സമ്പ്രദായം കൊച്ചി രാജകുടുംബം അവസാനിപ്പിച്ചു. രാജകുടുംബാംഗമായ തന്റെ ഭാര്യയെയും മക്കളെയും കഴിഞ്ഞദിവസം നിര്യാതയായ അമ്മയുടെ മരണാനന്തരകർമ്മങ്ങളിൽ വിലക്കിയെന്ന കളിക്കോട്ട സ്റ്റാച്യു റോഡിലെ പാലസിൽ താമസിക്കുന്ന നായർ കുടുംബനാഥന്റെ പരാതി വിവാദമായ പശ്ചാത്തലത്തിലാണിത്.
ഇന്നലെ രാജകുടുംബാംഗങ്ങളുടെ സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. മരിച്ച വയോധികയുടെ മകളെയും പേരക്കുട്ടികളെയും അടിയന്തിര ചടങ്ങുകളിൽ പങ്കെടുപ്പിക്കും. മുടക്കംവന്ന കർമ്മങ്ങളുടെ പ്രായശ്ചിത്ത കർമ്മങ്ങളും ഇതോടനുബന്ധിച്ച് നടത്തുന്നത് ആലോചിക്കുമെന്ന് ഭാരവാഹികൾ അറയിച്ചതായി കുടുംബം പറഞ്ഞു.
ഭർത്താവ് നായർ സമുദായത്തിൽ പെട്ടയാളായതിനാലാണ് വീട്ടമ്മയ്ക്കും മക്കൾക്കും അന്ത്യകർമ്മങ്ങളിൽ ഭ്രഷ്ട് കൽപ്പിച്ചത്. രണ്ട് പതിറ്റാണ്ടായി ഇവർക്കൊപ്പമായിരുന്നു മാതാവ് താമസിച്ചിരുന്നത്. സംഭവം കുടുംബത്തിന് വലിയ മനോവേദനയുണ്ടാക്കി. രാജകുടുംബത്തിലുള്ളവരുടെ അന്ത്യകർമ്മങ്ങൾ നടത്തുന്നത് പ്രത്യേക പദവിയുള്ള കാർമ്മികനാണ്. ഇയാളാണ് ഭ്രഷ്ട് കാര്യം അറിയിച്ചത്. കുടുംബത്തെ വിലക്കിയത് തങ്ങളറിഞ്ഞില്ലെന്നും വേണ്ടിവന്നാൽ കാർമ്മികനെ മാറ്റുന്നത് ആലോചിക്കുമെന്നും ഭാരവാഹികൾ ഉറപ്പുനൽകിയിട്ടുമുണ്ട്.