ഹിജാബ് വിലക്ക്; വാദം ഈയാഴ്ച പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി
ബുധനാഴ്ചയോടെ ഹർജിക്കാരുടെ വാദം തീർക്കണമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിര്‍ദ്ദേശിച്ചു.
ഡൽഹി : കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരായ ഹർജികളിൽ ഈയാഴ്ച വാദം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. ബുധനാഴ്ചയോടെ ഹർജിക്കാരുടെ വാദം തീർക്കണമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിര്‍ദ്ദേശിച്ചു.
സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് പരാമർശിച്ചിരുന്നു. ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്റെ ഭാഗമാണെന്ന് രണ്ട് ഹൈക്കോടതി വിധികളുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ദേവദത്ത് കാമത്ത് വാദിച്ചു. കേരള ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും സ്വീകരിച്ച നിലപാടുകൾക്കെതിരാണ് കർണ്ണാടക ഹൈക്കോടതി എടുത്ത സമീപനമെന്നും കാമത്ത് ചൂണ്ടിക്കാട്ടിയിരുന്നു. യൂണിഫോം നിശ്ചയിക്കുന്ന കോളേജ് വികസനസമിതിയിൽ എംഎല്‍എമാരെ ഉൾപ്പെടുത്തിയ സർക്കാർ ഉത്തരവിനെയും ഹർജിക്കാർ എതിർത്തിരുന്നു.