പരിശോധനയ്ക്കായി ഓട്ടോയിൽ കയറിയ എക്സൈസ് ഉദ്യോഗസ്ഥരെയുംകൊണ്ട് ഡ്രൈവർ കുതിച്ചു; സാഹസികമായി പിടിച്ചു
കല്ലമ്പലം: വാഹനപരിശോധനയ്ക്കിടെ ഡ്യൂട്ടിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥരെയും കൊണ്ട്, അനധികൃതമായി മദ്യം സൂക്ഷിച്ച ഓട്ടോയിൽ കടന്ന പ്രതിയെ എക്സൈസ് സംഘം സാഹസികമായി പിടികൂടി.
മടവൂർ സ്വദേശിയായ ഉണ്ണി എന്നു വിളിക്കുന്ന ബിജു കുമാർ (49) ആണ് പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. വാഹനം പരിശോധിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥരായ യശസ്സ്, മഹേഷ് എന്നിവരെ എട്ട് കിലോമീറ്ററോളം അതിവേഗത്തിൽ ഓട്ടോയിൽ കൊണ്ടുപോയി.
തുടർന്ന് എക്സൈസ് സംഘം വാഹനത്തിൽ പിന്തുടർന്നു. പാരിപ്പള്ളി മുക്കുകടയ്ക്കുസമീപം ഓട്ടോ തടഞ്ഞാണ് പ്രതിയെ പിടികൂടിയത്. പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥൻ യശസ്സിന് പരിക്കേറ്റു. എക്സൈസ് വാഹനത്തിനും കേടുസംഭവിച്ചു.
ഇയാളിൽനിന്നു ആറുലിറ്റർ മദ്യവും 4250 രൂപയും പിടികൂടി. പ്രതിയുടെ പേരിൽ എക്സൈസിലും പോലീസിലും ഒട്ടേറെ കേസുകളുണ്ടന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പ്രതിയെ ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫീസിനു കൈമാറി.