ഇന്‍സ്റ്റഗ്രാം പരിചയം,പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ചെന്നൈയില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയില്‍
പത്തനംതിട്ട: ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ചെന്നൈയില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് വളയനാട് മാങ്കാവ് കുമ്പണ്ടന്ന കെ.സി. ഹൗസില്‍ ഫാസില്‍ (26) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കാണാതായ കേസില്‍ പത്തനംതിട്ട പോലീസ് കഴിഞ്ഞമാസം 28-ന് കേസ് രജിസ്റ്റര്‍ചെയ്തു.
അന്വേഷണത്തില്‍ പെണ്‍കുട്ടി ഫാസിലിനൊപ്പം പോയതായി കണ്ടെത്തി. ഇരുവരും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതിനാല്‍ പിടികൂടാന്‍ കഴിഞ്ഞില്ല. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടന്ന അന്വേഷണത്തില്‍ ഇരുവരും ചെന്നൈയില്‍ ഉണ്ടെന്ന് മനസ്സിലായി.
പത്തനംതിട്ട ഡിവൈ.എസ്.പി. എസ്.നന്ദകുമാര്‍, ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍, എസ്.ഐമാരായ അനൂപ് ചന്ദ്രന്, ജ്യോതി സുധാകര്‍, സി.പി.ഒമാരായ ഷെഫീഖ്, സുനി, എ.എസ്.ഐ. രാജീവ്, എസ്.സി.പി.ഒ.മണിലാല്‍ എന്നിവരടങ്ങിയ സംഘമാണ് പെണ്‍കുട്ടിയെയും ഫാസിലിനേയും ചെന്നെയില്‍നിന്ന് കണ്ടെത്തിയത്.
പോലീസ് അവിടെയെത്തി കൂട്ടിക്കൊണ്ടുവന്ന് പെണ്‍കുട്ടിയുടെ വിശദമൊഴി രേഖപ്പെടുത്തിയപ്പോള്‍ ചെന്നൈയില്‍ ലോഡ്ജുകളിലും വീട്ടിലുംവെച്ച് പലതവണ യുവാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തി.
തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യംചെയ്തശേഷം അറസ്റ്റുരേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.