ആത്മഹത്യക്കെതിരെ പോസ്റ്റിട്ട വസ്ത്രാലങ്കാര വിദഗ്ദ്ധ തൂങ്ങിമരിച്ച നിലയിൽ, ഞെട്ടലിൽ സിനിമാലോകം
ചെന്നൈ: പ്രമുഖ തമിഴ് ഗാനരചയിതാവ് കബിലന്റെ മകളും സിനിമയിലെ വസ്ത്രാലങ്കാര വിദഗ്ദ്ധയും എഴുത്തുകാരിയുമായ തൂരിഗെ എന്ന ഇരുപത്തൊമ്പതുകാരിയുടെ മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചതിനെത്തുടർന്ന് മാതാപിതാക്കളുമായി വഴക്കിട്ട് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. കഴിഞ്ഞദിവസം അരുമ്പാക്കം എം.എം.ഡി.എ കോളനിയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് തൂരിഗെയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യക്ക് ഇടയാക്കിയതിന് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. നിരവധി സിനിമകൾക്ക് വസ്താലങ്കാരം നിർവഹിച്ച തൂരിഗെ ഒട്ടനവധി യുവ നടന്മാരുടെ ഫാഷൻ കൺസൾട്ടന്റുമാണ്. ദൂരിഗെയുടെ മരണത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാലോകം.നേരത്തേ പെൺകുട്ടികൾ ആത്മഹത്യചെയ്യുന്നതിനെതിരെ തൂരിഗെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു. പെൺകുട്ടികൾ എന്നും ശക്തരായി നിൽക്കണമെന്നായിരുന്നു ഈ പോസ്റ്റിൽ പറഞ്ഞിരുന്നത്. ഈ പോസ്റ്റ് പങ്കുവച്ചാണ് തമിഴ് നടി ശരണ്യ തൂരിഗെയുടെ ആത്മഹത്യയിൽ തന്റെ ഞെട്ടൽ രേഖപ്പെടുത്തിയത്. തൂരിഗെ വളരെ ധൈര്യമുള്ള പെൺകുട്ടിയായിരുന്നെന്നും വേണ്ടപ്പെട്ടവരിൽ നിന്ന് സ്നേഹം ലഭിക്കാത്തതാണ് അവളെ ഏറെ തളർത്തിയതെന്നും ശരണ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.2020ൽ സ്ത്രീകൾക്കായി ഒരു ഓൺലൈൻ മാഗസിൻ തുടങ്ങിയിരുന്നു. മാഗസിന് രണ്ട് വർഷം തികയുന്നതിന്റെ ഭാഗമായി ചെന്നൈ ഐ.ഐ.ടി കാമ്പസിൽ ‘ഫ്രണ്ട്ഷിപ്പ് ഐക്കൺ അവാർഡ്’ എന്ന പേരിൽ ഒരു അവാർഡ് ഷോ സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു തൂരിഗെ. ഇതിനിടെയായിരുന്നു അവർ ജീവനൊടുക്കിയത്.