ഇടുക്കിയിൽ കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്
ഇടുക്കി: നേര്യമംഗലം ചാക്കോച്ചി വളവിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അടിമാലി കുടമാങ്കുഴി സ്വദേശി സജീവനാണ് മരിച്ചത്. സൈഡ് കൊടുക്കുന്നതിനിടെ ടയർ പൊട്ടി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.പരിക്കേറ്റവരെ കോതമംഗലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ച് മണിക്ക് മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് പോയ ബസാണ് മറിഞ്ഞത്. ബസിൽ അറുപതോളം യാത്രക്കാരുണ്ടായിരുന്നു. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.