14-കാരനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍
കൊട്ടിയം: പതിന്നാലുകാരനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വയ്ക്കുന്നതിന് തമിഴ്നാട്ടിലെ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്കിയ ഫിസിയോതെറാപ്പിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. മുഖത്തല കിഴവൂര്‍ സെയ്ദലി മന്‍സിലില്‍ സെയ്ഫ് അലി(26)യാണ് അറസ്റ്റിലായത്. കുട്ടിയെ തട്ടിയെടുത്ത സംഭവത്തില്‍ ഇതോടെ രണ്ടുപേര്‍ അറസ്റ്റിലായി.
കൊട്ടിയം കണ്ണനല്ലൂര്‍ കിഴവൂര്‍ വാലിമുക്കിനുസമീപം ഫാത്തിമ മന്‍സിലില്‍ ആസാദിന്റെ മകന് ആഷിക്കിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്. കുട്ടിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിവെച്ച് കടംനല്‍കിയ പണം തിരികെ വാങ്ങാനായിരുന്നു ശ്രമമെന്ന് പോലീസ് പറയുന്നു.
ആഷിക്കിന്റെ മാതാവ് പത്തുലക്ഷത്തോളം രൂപ സെയ്ഫ് അലിയുടെ മാതാവിന്റെ കൈയില്‍നിന്ന് കടമായി വാങ്ങിയിരുന്നെന്നും പലതവണ ആവശ്യപ്പെട്ടിട്ടും മടക്കിനല്കിയില്ലെന്നുമാണ് പറയുന്നത്. സെയ്ഫ് അലിയോടൊപ്പം ഫിസിയോതെറാപ്പിക്ക് പഠിച്ചിരുന്ന തമിഴ്നാട് സ്വദേശിയുടെ സഹായത്തോടെയാണ് കുട്ടിയെ തട്ടിയെടുക്കാന്‍ തമിഴ്നാട്ടിലെ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ കൊടുത്തത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച സന്ധ്യയോടെയാണ് തമിഴ്നാട്ടില്‍നിന്നെത്തിയ സംഘം വീട്ടില്‍ക്കയറി ആഷിക്കിനെ ബലംപ്രയോഗിച്ചു കടത്തിക്കൊണ്ടുപോയത്. എതിര്‍ത്ത സഹോദരിയെയും അയല്‍വാസിയായ വയോധികനെയും സംഘം ആക്രമിച്ചു ഭീഷണിപ്പെടുത്തിയശേഷമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോയത്. അതിര്‍ത്തി കടത്താനുള്ള ശ്രമത്തിനിടെ പോലീസ് കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ കടത്തിക്കൊണ്ടുവന്ന സംഘത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശി ബിജുവിനെ അന്നുതന്നെ പോലീസ് പിടികൂടിയിരുന്നു. സംഘം സഞ്ചരിച്ചിരുന്നത് രണ്ട് കാറുകളിലായിരുന്നു. ഇതില്‍ ഒരു കാര്‍ കണ്ടെത്താനായെങ്കിലും മറ്റൊരു കാര്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കൂടാതെ സംഘത്തിലെ ഏഴുപേരെക്കൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായി തമിഴ്നാട് പോലീസിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ സെയ്ഫ് അലിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.