ആദൂരിൽ ലോറിക്കടിയിലേക്ക് തെറിച്ച് വീണ ആമിനയുടെ മരണത്തിൽ നാടു തേങ്ങുന്നു
ആദൂര്‍:സ്കൂടര്‍ കയറ്റത്തില്‍ ബ്രേകിട്ടപ്പോൾ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് വീട്ടമ്മയായ പാണ്ടി അമ്പട്ടമൂല കൊറ്റുമ്പയിലെ ആമിന (45) മരിച്ചതിൻ്റെ തേങ്ങലൊടുങ്ങാതെ നാട്. അപകടത്തിൻ്റെ ഞെട്ടലിൽ നിന്നും ഭർത്താവ് എ കെ മുഹമ്മദ് ഇനിയും മുക്തമായിട്ടില്ല.
ഭാര്യ ആമിനയെ മുള്ളേരിയിൽ ഡോക്ടറെ കാണിക്കാൻ സ്കൂടറിൽ പോകുമ്പോൾ ആദൂർ പള്ളം കയറ്റത്തിലാണ് ദാരുണമായ അപകടം നടന്നത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് അപകടം സംഭവിച്ചത്. കയറ്റത്തില്‍ ലോറിയെ മറികടക്കാനായി ശ്രമിക്കുന്നതിനിടെ എതിരെ വളവിൽ നിന്നും പെട്ടന്ന് കാർ വന്നപ്പോൾ സ്കൂടർ ബ്രേകിട്ട് നിർത്തുമ്പോൾ ഒരു ഭാഗത്ത് അരിക് ചേർന്ന് ഇരിക്കുകയായിരുന്ന ആമിന ലോറിയുടെ മുൻ ചക്രത്തിനും പിൻചക്രത്തിനും ഇടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ലോറിയുടെ പിൻചക്രം കയറി ഭാര്യ പിടഞ്ഞു മരിക്കുന്നത് കണ്ണീരോടെ നോക്കി നിൽക്കാനേ ഭർത്താവ് മുഹമ്മദിന് കഴിഞ്ഞുള്ളു.
ദാരുണമായ കാഴ്ച കണ്ട് തളർന്ന മുഹമ്മദിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി വൈദ്യസഹായം നൽകി. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ഒരുഭാഗത്ത് അരിക് ചേർന്ന് ഇരിക്കുന്നതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഇരുചക്രവാഹനത്തിൽ കാൽ രണ്ട് ഭാഗത്തും വരുന്ന രീതിയിൽ യാത്ര ചെയ്താൽ തെറിച്ചു വീണുണ്ടാകുന്ന അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയുമെന്നും കയറ്റത്തിലും വളവിലും വാഹനങ്ങളെ മറികടക്കുന്നത് അപകടത്തിന് ഇടയാക്കുമെന്നും പൊലീസ് പറയുന്നു.
മരിച്ച ആമിനയുടെ മക്കൾ: അസീസ് (ദുബൈ), ഉവൈസ്, ഫാരിസ്.
സഹോദരങ്ങൾ: മുഹമ്മദ്, ഹാജിറ, അബ്ദുല്ല.