കാസർകോട്ട് ഗ്യാംഗ് വാർ; ‘കാപ കേസിൽ പ്രതിയായിരുന്ന യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; ഒമ്പതംഗ സംഘത്തിനെതിരെ കേസ്
കാസര്‍കോട്: കാസർകോട്ട് ഗ്യാംഗ് വാർ. കാപ കേസിൽ പ്രതിയായിരുന്ന യുവാവിനെ വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ ബന്ധുവായ സ്ത്രീക്കും പരിക്കേറ്റു. മീപ്പുഗുരിയിലെ ദീപകിനെ (28) യാണ് തലയ്ക്ക് വെട്ടും കൈക്കും കാലിനും ഇരുമ്പ് വിട കൊണ്ടുള്ള അടിയുമേറ്റ പരിക്കുകളോടെ കാസര്‍കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച പുലര്‍ചെ 12.30ഓടെയാണ് സംഭവം. മീപ്പുഗുരിയിലെ ബന്ധുവായ കെ കന്യയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം തടയാൻ ചെന്ന കന്യയെ കയ്യേറ്റം ചെയ്യുകയും ഇവിടെ ഉണ്ടായിരുന്ന ദീപകിനെ വീടിന് പുറത്തേക്ക് വലിച്ചിറക്കി വെട്ടിപ്പരിക്കേല്പ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.
സംഭവവുമായി ബന്ധപ്പെട്ട് സന്ദീപ്, ശ്രീഹരി, ലോകേഷ്, പുഷ്പരാജ്, തേജസ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് നാല് പേര്‍ക്കുമെതിരെ കാസർകോട് ടൗൺ പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ എക്സൈസും പൊലീസും സന്ദീപ്, തേജസ് എന്നിവരുടെ വീടുകളില്‍ ചാരായവുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നില്‍ ദീപക്കും കന്യയുമാണെന്ന് ആരോപിച്ചായിരുന്നു ദീപകിൻ്റെ എതിർ സംഘത്തിൽപെട്ടവർ അക്രമം അഴിച്ചുവിട്ടതെന്നാണ് വിവരം.
ഐപിസി 308 നരഹത്യശ്രമമടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
നിരവധി കേസുകളില്‍ പ്രതിയായ ദീപകിനെതിരെ അടുത്തിടെ കാപ ചുമത്തിയിരുന്നുവെന്ന് കാസർകോട് ടൗൺ സിഐ അജിത് കുമാർ പറഞ്ഞു