സമൂഹമാദ്ധ്യമത്തിലെ കുറിപ്പുമായി ബന്ധപ്പെട്ട തർക്കം, കൊച്ചിയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു
കൊച്ചി: പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവാവിനെ കുത്തിക്കൊന്നു. തമ്മനം സ്വദേശി സജുൻ (28) ആണ് കൊല്ലപ്പെട്ടത്. കൊച്ചി കലൂരിൽ ഇന്ന് പുലർച്ചെയാണ് സംഭവം.
ആമസോൺ ഡെലിവറി ബോയിയായി ജോലി നോക്കുകയായിരുന്നു സജുൻ. വെണ്ണല കാക്കനാടാണ് സജുൻ താമസിച്ചിരുന്നത്. സുഹൃത്ത് കിരൺ ആന്റണിയുമായുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും പണമിടപാടുമായി ബന്ധപ്പെട്ട തർക്കവുമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.
സംഭവത്തിന് പിന്നാലെ കിരൺ ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ പരിക്കേറ്റ കിരണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.