കൊച്ചി കലൂർ പാവക്കുളം ക്ഷേത്രത്തിൽ നിന്ന് യുവതിയെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ട വിഷയത്തിൽ എം ബി രാജേഷ് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ്.
പാവക്കുളം ക്ഷേത്ര മുറ്റത്ത് കണ്ട ക്രുദ്ധയായ കുലസ്ത്രീയിൽ നിന്ന് പ്രഗ്യാ സിങ്ങ് ഠാക്കുർമാരിലേക്കുള്ള ദൂരം കുറയുന്നതിന്റെ വേഗം കൂടുന്നുണ്ട് ഈ കേരളത്തിലും. ആ കുലസ്ത്രീ എത്ര ആത്മാർത്ഥമായാണ് വർഗ്ഗീയാക്രോശം നടത്തുന്നത്? വിളിച്ചു പറയുന്നതിൽ അവർ നൂറു ശതമാനം വിശ്വസിക്കുന്നുണ്ട്. അവർക്കോ അവരെ പോലെ ചിന്തിക്കുന്നവർക്കോ അവരുടെ പെരുമാറ്റത്തിൽ ഒട്ടും അസ്വഭാവികത തോന്നുന്നില്ല.മണിച്ചിത്രതാഴിലെ ഗംഗയെപ്പോലെ. ഇങ്ങനെയുള്ള കുല സ്ത്രീകളാണ് ഫാസിസത്തിന്റെ റിസർവ്വ് ആർമി. അവരെ പരിഹസിച്ചതുകൊണ്ടും എതിർത്തതു കൊണ്ടു മായില്ല.അതു പോലും മനസ്സിലാക്കാനാവുന്നവരല്ല അവരൊന്നും.
കുല സ്ത്രീകളുടെ ഈ റിസർവ്വ് ആർമിയെ സൃഷ്ടിക്കുന്ന പദ്ധതിയെ നേരിടുകയാണ് പ്രധാനം. വർഷങ്ങളുടെ ചിട്ടയായ, ആസൂത്രിതവും അതി സുക്ഷമവുമായ, എന്നാൽ അതിഗൂഡമായ വർഗ്ഗീയ പ്രചരണ പദ്ധതിയിലൂടെ പരുവപ്പെടുത്തിയെടുക്കപ്പെട്ടവരാണിവർ. അനേകം ക്ഷേത്രങ്ങൾ ആ ഗൂഡ പദ്ധതിയുടെ പരീക്ഷണശാലകളായി ദുരുപയോഗിക്കപ്പെട്ടു വരുന്നു. അതിനാണ് RSS ക്ഷേത്രങ്ങൾ കൈവശപ്പെടുത്തി വെക്കുന്നത്. ക്ഷേത്ര മുറ്റങ്ങളിൽ നിന്ന് യഥാർത്ഥ ആദ്ധ്യാത്മിക വ്യക്തിത്വങ്ങളെ തുരത്തി ശശികലമാരെ ആനയിച്ച് അവരുടെ വിഷഭാഷണ വേദികളാക്കി അവയെ മാറ്റി. അത്തരക്കാരിലൂടെ പഴയ നിഷ്കളങ്ക ഭക്തിയെ വർഗ്ഗീയമായ അപരവിദ്വേഷവും വെറുപ്പും കൊണ്ട് പകരം വെച്ചു കൊണ്ടിരിക്കുന്നു.
ഭക്തിയുടെ മറപറ്റി നടപ്പാക്കി വരുന്ന വർഗീയ പ്രചരണ പദ്ധതിയുടെ ശൃംഖല ഇതിലൊങ്ങുന്നില്ല. അത് വാട്ട്സ്ആപ്പ് വഴി മനുഷ്യരുടെ ഉള്ളംകൈ വരെ നീണ്ടു കിടക്കുന്നതും വളരെ സുഘടിതവുമായ ഒരു സംവിധാനമാണ്.അതിലുടെ സൃഷ്ടിക്കപ്പെടുന്നത് വെറും വിശ്വാസികളല്ല. ഉള്ളിൽ പകയുടേയും വെറുപ്പിന്റേയും മാരക ശേഷിയുള്ള സ്ഫോടകവസ്തുക്കൾ വഹിക്കുന്ന അപമാനവീകരിക്കപ്പെട്ട ആണും പെണ്ണുമാണ്. അവർക്ക് നെറ്റിയിലെ സിന്ദൂരം മുതൽ തെരുവിലെ പശുവരെ എല്ലാം അക്രമോൽസുകതയുടെ അടയാളങ്ങളാണ്. മാനവികതയുടെ ആശയങ്ങൾ തളിർത്ത ഇരുപതാം നൂറ്റാണ്ട് മനുഷ്യപ്പറ്റും വിശാല ലോകവീക്ഷണവുമുള്ള അനേകം അഭിമാനിനികളായ വനിതകളെ സൃഷ്ടിച്ച നാടാണിത്.കെ.ആർ.ഗൗരിയെപ്പോലെ അക്കാലത്തെ കണ്ണികൾ പലതും ഇപ്പോഴുമുണ്ട്. അപര വിദ്വോഷത്തിന്റെ ഈ ഇരുണ്ട കാലം ക്രുദ്ധരായ കുല സ്ത്രീകളെ പോറ്റി വളർത്തുമ്പോൾ അതിന്റെ ആശയ സംസ്കാര പരിസരത്തേയാണ് ഉന്നം വെക്കേണ്ടത്.അതിന് ട്രോളുകൾ മതിയാവില്ല. ദീർഘവീക്ഷണമുള്ള ഒരു സൈദ്ധാന്തിക-സാംസ്കാരിക-വിദ്യാഭ്യാസ പരിപാടി തന്നെ വേണം.
https://www.facebook.com/mbrajeshofficial/posts/2910013652392959