തൃശ്ശൂരില്‍ മിന്നല്‍ ചുഴലി: വ്യാപക നാശനഷ്ടം, പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചു
തൃശ്ശൂർ: തൃശ്ശൂരിൽ മിന്നൽ ചുഴലി. തൃശ്ശൂർ, വരന്തരപ്പിള്ളി, നന്ദിപുരം, ആറ്റപ്പിള്ളി മേഖലകളിലാണ് മിന്നൽ ചുഴലി ഉണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരങ്ങൾ കടപുഴകി, വൈദ്യുതി പോസ്റ്റുകൾ തകർന്നു, കൃഷികളും നശിച്ചു.
വരന്തരപ്പിള്ളി പഞ്ചായത്തിലെ 20, 16 വാർഡുകളിൽ ഇന്ന് രാവിലെ ഏഴരയോടുകൂടിയായിരുന്നു ശക്തമായ കാറ്റ് വീശിയത്. അഞ്ച് മിനിറ്റോളം കാറ്റ് തുടർന്നു. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ച അവസ്ഥയാണ്. ഇത് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ നടന്നു വരികയാണ്.
നാശനഷ്ടങ്ങൾ സംബന്ധിച്ച് കൃത്യമായ കണക്ക് വന്നിട്ടില്ല. ഇതിന് വിവിധ വകുപ്പുകളുടെ ഭാഗങ്ങളിൽ നിന്ന് വ്യക്തത വരേണ്ടതുണ്ട്. ഇന്ന് അവധിയായതിനാൽ വളരെ കുറവ് ജീവനക്കാരാണ് പലയിടങ്ങളിലും ഉള്ളത്.