ഭാര്യയുമായി രഹസ്യബന്ധമെന്ന് സംശയം; 70 വയസ്സുള്ള അച്ഛനെ മകന് വെട്ടിക്കൊന്നു
ഭോപ്പാല്‍: എഴുപതുവയസ്സുകാരനെ മകന് കോടാലി കൊണ്ട് വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ബദ്വാര പോലീസ് സ്റ്റേഷന് പരിധിയിലെ കച്ചരി സ്വദേശി നന്ദിലാലിനെയാണ് മകന് ലക്ഷ്മണ് കുമാര്‍(25) കൊലപ്പെടുത്തിയത്. തന്റെ ഭാര്യയുമായി അച്ഛന് രഹസ്യബന്ധമുണ്ടെന്ന് ലക്ഷ്മണ് സംശയിച്ചിരുന്നതായും ഇതേത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
മുംബൈയില്‍ ജോലിചെയ്യുന്ന ലക്ഷ്മണ് കുമാര്‍ തിങ്കളാഴ്ചയാണ് കച്ചരിയിലെ വീട്ടില്‍ എത്തിയത്. തന്റെ ഭാര്യയുമായി അച്ഛന് രഹസ്യബന്ധം പുലര്‍ത്തുന്നതായി ഇയാള്‍ സംശയിച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഇതേച്ചൊല്ലി നന്ദിലാലും ലക്ഷ്മണും വഴക്കിട്ടു. ഇതിനിടെയാണ് ലക്ഷ്മണ് കോടാലി കൊണ്ട് അച്ഛനെ വെട്ടിപരിക്കേല്‍പ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ നന്ദിലാലിനെ ആദ്യം സമീപത്തെ ആരോഗ്യകേന്ദ്രത്തിലും പിന്നീട് ജബല്‍പുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് നന്ദിലാല്‍ മരിച്ചത്. അതിനിടെ, മുംബൈയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ലക്ഷ്മണിനെ പോലീസ് പിടികൂടിയിരുന്നു. ഇയാള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.