കോടിതിളക്കവുമായി കൊല്ലം, ഉത്രാടത്തിന് 117 കോടിയുടെ മദ്യം വാങ്ങി മലയാളികൾ, നാലിടത്ത് ഒരു കോടിക്ക് മുകളിൽ വിൽപന
തിരുവനന്തപുരം : ഉത്രാടദിനം മാത്രം 117 കോടി രൂപയുടെ മദ്യ വിൽപനയുമായി ഓണം പൊടിപൊടിച്ച് ബിവറേജസ് കോർപ്പറേഷൻ. കഴിഞ്ഞ വർഷം ഉത്രാട ദിനത്തിൽ 85 കോടിയായിരുന്നു വിൽപ്പന. 32 കോടി രൂപയുടെ അധികവരുമാനമാണ് ഈ വർഷം ബെവ്കോയ്ക്ക് ഉണ്ടായത്. ഇതിൽ കൊല്ലം ആശ്രാമത്തിലെ ബെവ്കോ ഔട്ട് ലെറ്റിലാണ് കൂടുതൽ വിൽപ്പന നടന്നത്. ഇവിടെ 1.6 കോടിയുടെ മദ്യമാണ് ആളുകൾ വാങ്ങിയത്. ഇരിങ്ങാലക്കുട, ചേർത്തല കോർട്ട് ജംഗ്ഷൻ, പയ്യന്നൂർ, തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലെറ്റ് എന്നിവിടങ്ങളിലും മദ്യം വലിയ അളവിൽ വിറ്റഴിച്ചു. നാല് ഔട്ട്ലെറ്റുകളിൽ ഒരു കോടിക്ക് മുകളിൽ വിൽപ്പന നടന്നു.ഉത്രാടം വരെയുള്ള ഏഴ് ദിവസങ്ങളിൽ 624 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇത് 529 കോടിയായിരുന്നു.തിരുവോണ ദിവസം ബെവ്കോയ്ക്ക് അവധിയായതിനാൽ ആളുകൾ ഉത്രാടത്തിന് മദ്യം കൂടുതൽ വാങ്ങി സൂക്ഷിച്ചതാണ് വിൽപ്പന ഉയരാൻ കാരണം. എന്നാൽ ബാറുകൾ തുറന്നിരുന്നു.