വീണ്ടും അഭിമാനമായി നീരജ് ചോപ്ര, ഡയമണ്ട് ലീഗ് ഫൈനലിൽ കിരീടം, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം
സൂറിക്: ഒളിംപിക്സിന് പിന്നാലെ വീണ്ടും ചരിത്രനേട്ടം കുറിച്ച് ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര. ഡയമണ്ട് ലീഗ് ഫൈനലിൽ ജാവലിൽ ത്രോയിൽ 88.44 മീറ്റർ ദൂരം കുറിച്ചാണ് നീരജ് കിരീടം സ്വന്തമാക്കിയത്. ഇതോടെ ഡയമണ്ട് ലീഗ് ഫൈനലിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തം പേരിൽ എഴുതിച്ചേർത്തിരിക്കുകയാണ് നീരജ് ചോപ്ര.
ആദ്യ ശ്രമം പാളിയെങ്കിലും രണ്ടാം ശ്രമത്തിൽ 88.44 ദൂരം എറിഞ്ഞ് നീരജ് മുന്നിലെത്തുകയായിരുന്നു. നാലാം ശ്രമത്തിൽ 86.94 മീറ്റർ ദൂരം എറിഞ്ഞ ചെക്ക് റിപ്പബ്ളിക്കൻ താരം യാക്കൂബ് വാൽഡെജ് രണ്ടാം സ്ഥാനത്തെത്തി. 83.73 മീറ്റർ ദൂരം കണ്ടെത്തിയ ജർമനിയുടെ ജൂലിയൻ വെബർ ആണ് മൂന്നാം സ്ഥാനം നേടിയത്.
ടോക്യോ ഒളിംപിക്സിൽ സ്വർണം നേടുന്ന ഇന്ത്യയുടെ ആദ്യം താരം കൂടിയാണ് നീരജ് ചോപ്ര. ലുസേൻ ഡയമണ്ട് ലീഗ് മീറ്റിലും താരമായിരുന്നു ഒന്നാം സ്ഥാനത്ത്. 89.08 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ഫൈനലിന് യോഗ്യത ഉറപ്പിച്ചത്. ഡയമണ്ട് ലീഗ് മീറ്റിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഇതിലൂടെ ഇരുപത്തിനാലുകാരനായ നീരജ് സ്വന്തമാക്കിയിരുന്നു.