കാസർകോട് : കാക്കയെ കുറിച്ച് ഓണ്‍ലൈന്‍ കവിതാ രചനാ മത്സരവുമായി ഫേസ്ബുക്ക് കൂട്ടായ്മ. ‘ ഈ വാകമരച്ചോട്ടില്‍ ‘ എന്ന കാസര്‍കോട്ടെ ഫേസ്ബുക്ക് കൂട്ടായ്മയാണ് കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിലെ വിജയിക്ക് സിന്ദൂരച്ചെപ്പുകളാണ് സമ്മാനം . 2020 ജനുവരി 30 വരെയാണ് കവിതകള്‍ അയക്കേണ്ടത്.
പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചുകൊണ്ട് വി.എച്ച്.പി സംസ്ഥാന കാര്യാലയത്തോട് ചേര്‍ന്ന പാവക്കുളം അമ്പലഹാളില്‍ നടന്ന പരിപാടിയില്‍ പ്രതിഷേധിച്ച യുവതിയെ ഒരുകൂട്ടം സ്ത്രീകള്‍ അക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു വേറിട്ട പ്രതിഷേധ പരിപാടിയുമായി രംഗത്തെത്തിയതെന്ന് ഫേസ്ബുക്ക് കൂട്ടായ്മക്കുവേണ്ടി ശിവപ്രസാദ് പറഞ്ഞു.
പുരോഗമന ചിന്താഗതിക്കാരായ ഇടതുപക്ഷ സഹയാത്രികരുടെ, മനുഷ്യനന്മകാംക്ഷിക്കുന്നവരുടെ കൂട്ടായ്മയാണിതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സംഭവിച്ച കാര്യം നമ്മള് എല്ലാവരും കണ്ടതാണ്. പ്രസംഗത്തിനിടെ വിയോജിപ്പ് രേഖപ്പെടുത്തിയ സ്ത്രീയെ കൂട്ടമായി ആക്രമിക്കുന്ന ഒരുസംഘം ആളുകള്‍. ആ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരമൊരു ആശയം മുന്നോട്ടുവന്നത്.സമൂഹ മധ്യത്തില്‍ നടക്കുന്ന ഇത്തരം വിഷയങ്ങളില്‍ ഏതെങ്കിലും രീതിയില്‍ പ്രതിഷേധം അറിയിക്കേണ്ടതാണെന്ന തോന്നിയതുകൊണ്ടാണ് ഇത്തരമൊരു മത്സരം നടത്താന്‍ തീരുമാനിച്ചത്. – ശിവപ്രസാദ് പറഞ്ഞു.
ഈ വാകമരച്ചോട്ടില്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ കീഴില്‍ പൗരത്വ നിയമവും എന്‍.ആര്.സിയും ചര്‍ച്ച ചെയ്യുന്ന ടേബിള്‍ ടോക്ക് 2020 ജനുവരി 26 ന് നടക്കും.