തെരുവുനായയുടെ ആക്രമണത്തിൽ ശാരീരിക വൈകല്യം നേരിടുന്ന യുവതിയ്ക്ക് സ്കൂട്ടറിൽ നിന്ന് വീണ് പരിക്ക്, വിഷയം സംബന്ധിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
തൃശൂർ: തെരുവുനായയുടെ ആക്രമണം ചെറുക്കുന്നതിനിടെ സ്കൂട്ടറിൽ നിന്ന് വീണ് യുവതിയ്ക്ക് പരിക്ക്. തിപ്പലിശേരി മേഴത്തൂർ സ്വദേശി ഷൈനിക്കാണ് പരിക്കേറ്റത്. വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റു. ഷൈനി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ശാരീരിക വൈകല്യം നേരിടുന്ന ഷൈനിയും ഭർത്താവും സ്കൂട്ടറിൽ പോകുന്നതിനിടെയായിരുന്നു നായയുടെ ആക്രമണം. വാഹനത്തിന് പിന്നാലെ ഓടിയ നായയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെ നിലത്തുവീഴുകയായിരുന്നു.അതേസമയം, കേരളത്തിലെ തെരുനായശല്യം ചൂണ്ടിക്കാട്ടിയുള്ള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പേവിഷ വാക്സിന്റെ ഫലപ്രാപ്തിയും സംഭരണവും പരിശോധിക്കുന്നതിന് സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മലയാളിയായ സാബു സ്റ്റീഫൻ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. ഈ മാസം 26നായിരുന്നു ഹർജി പരിഗണിക്കാൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അഭിഭാഷകനായ വി കെ ബിജു ഈ വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെ വിഷയം നേരത്തെതന്നെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.