നെയ്യാറ്റിൻകരയിൽ അമിതവേഗത്തിലെത്തിയ ലോറി പാഞ്ഞുകയറി വീട് പൂർണമായും തകർന്നു, ഡ്രൈവർക്കും ക്ളീനർക്കും പരിക്ക്
തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ ലോറി പാഞ്ഞുകയറി വീട് പൂർണമായും തകർന്നു. രാവിലെ ആറ് മണിയോടെ നെയ്യാറ്റിൻകരയിലാണ് സംഭവം. അമിതവേഗത്തിലെത്തിയ കണ്ടെയിനർ ലോറി ഓടിട്ട വീട്ടിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വീട് പൂർണമായും തകർന്നു.
നെയ്യാറ്റിൻകര സ്വദേശി ശ്യാം വിശ്വാസിന്റെ വീടാണ് അപകടത്തിൽ തകർന്നത്. ശ്യാമും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ താമസം. ലോറി പാഞ്ഞുവരുന്നത് കണ്ട് ശ്യാമും കുടുംബവും വീടിന് പുറത്തേക്ക് ഓടിയതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. തമിഴ്നാട് രജിസ്ട്രഷൻ ഉള്ള ലോറിയാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ ലോറി ഡ്രൈവർക്കും ക്ളീനർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.