അപകടത്തിന് 5 സെക്കന്‍ഡ് മുമ്പുവരെ മിസ്ത്രിയുടെ വാഹനം 100 കി.മി സ്പീഡില്‍- മെഴ്സിഡസ് റിപ്പോര്‍ട്ട്
മുംബൈ: ടാറ്റ സണ്‍സ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രി അപകടത്തില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് തങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് പാല്‍ഘര്‍ പോലീസിന് കൈമാറി. അപകടത്തിന് അഞ്ചു സെക്കന്‍ഡ് മുമ്പുവരെ ഇവര്‍ സഞ്ചരിച്ചിരുന്ന ബെന്‍സ് കാറ് മണിക്കൂറില്‍ 100 കി.മീറ്റര്‍ വേഗതയിലായിരുന്നുവെന്നാണ് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസും തങ്ങളുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പോലീസിന് കൈമാറിയിട്ടുണ്ട്. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് മിസ്ത്രിയും മറ്റു മൂന്നുപേരും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഗൈനക്കോളജിസ്റ്റായ അനഹിത പണ്ടോള ഓടിച്ച കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ പിന്‍സീറ്റിലിരുന്ന മിസ്ത്രിയും അനഹിതയുടെ ഭര്‍തൃ സഹോദരനുമായ ജഹാന്ഗീര് പണ്ടോളയുമാണ് മരിച്ചത്. മുന്‍സീറ്റിലായിരുന്ന അനഹിതയും ഭര്‍ത്താവ് ഡാരിയസ് പണ്ടോളയും പരിക്കേറ്റ് ചികിത്സയിലാണ്.
അപകടം സംഭവിക്കുന്നതിന് അഞ്ച് സെക്കന്‍ഡ് മുമ്പ്, വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 100 കിലോമീറ്റര്‍ ആയിരുന്നുവെന്ന് മെഴ്സിഡസ് ബെന്‍സ് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നുു. അനാഹിത ബ്രേക്കിട്ടതോടെ വേഗത മണിക്കൂറില്‍ 89 കിലോമീറ്ററായി കുറഞ്ഞു. ഈ ഘട്ടത്തിലാണ് കൂട്ടിയിടിയും നടന്നത്.
100 കിലോമീറ്റര്‍ വേഗതയിലോടിക്കുമ്പോള്‍ അനഹിത എത്ര തവണ ബ്രേക്ക് പ്രയോഗിച്ചിട്ടുണ്ടെന്നും അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പോലീസ് മെഴ്സിഡസ് കമ്പനിയോട് തേടിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അപകടത്തില്‍പ്പെട്ട വാഹനം സെപ്തംബര്‍ 12ന് മെഴ്സിഡസ് കമ്പനി ഷോറൂമിലെത്തിക്കും.ഹോങ്കോങ്ങില്‍ നിന്നുള്ള സംഘം കാര്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കും. ഹോങ്കോങ്ങില്‍ നിന്നുള്ള സംഘം വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്, അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ലഭിച്ചില്ലെങ്കില്‍, ഇന്ത്യയില്‍ നിന്നുള്ള സംഘം വാഹനം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അപകട നടന്നപ്പോള്‍ വാഹനത്തിനുള്ളില്‍ നാല് എയര്‍ബാഗുകളാണ് പ്രവര്‍ത്തിച്ചത് എന്നാണ് ആര്‍ടിഒ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രവര്‍ത്തിച്ച നാല് എയര്‍ബാഗുകളും വാഹനത്തിന്റെ മുന്നിലായിരുന്നു.
ഡ്രൈവറുടെ തലയ്ക്ക് മുന്നില്‍ ഒന്ന്, ഡ്രൈവറുടെ കാല്‍മുട്ടിന് സമീപമുള്ള ഒരു എയര്‍ബാഗ്, ഡ്രൈവറുടെ തലയ്ക്ക് മുകളില്‍ ഒരു കര്ട്ടന് എയര്‍ബാഗ്, മുന്‍വശത്തുള്ള യാത്രക്കാരന്റെ സീറ്റിന് മുന്നില്‍ ഒരു എയര്‍ബാഗ് എന്നീ എയര്‍ബാഗുകളാണ് തുറന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.