ശശി തരൂർ മത്സരിക്കുമോ എന്നത് സാങ്കൽപിക ചോദ്യം; രാഹുൽ വരണമെന്ന് വി. ഡി. സതീശൻ
കൊച്ചി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്റെ മനസില്‍ മറ്റ് പേരുകളില്ല. അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റ് ആകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന് സമ്മതമല്ലെങ്കില്‍ ജനാധിപത്യ മാതൃകയില്‍ കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നും സതീശൻ പറഞ്ഞു.
ഫാഷിസ്റ്റ് വിരുദ്ധതയില്‍ സന്ധി ചെയ്യാത്ത നേതാവ് ആണ് രാഹുല്‍. അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ വ്യക്തിപരമായി അദ്ദേഹത്തെ നിര്‍ബന്ധിക്കുമെന്നും സതീശന് കൂട്ടിച്ചേർത്തു. ശശി തരൂർ മത്സരിക്കുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് വരുമ്പോള്‍ ആലോചിക്കാം. തരൂര്‍ മത്സരിക്കുമോ എന്നത് സാങ്കല്പികമായ ചോദ്യമല്ലേ എന്നാണ് സതീശൻ ചോദിച്ചത്. രാഹുൽ ഗാന്ധിയുടെ കുഴപ്പം അദ്ദേഹം സ്വയം ബ്രാന്‍ഡ് ചെയ്തില്ല എന്നതാണെന്നും’ പ്രതിപക്ഷ നേതാവ് പറഞ്ഞു.