പേര് ‘അധോലോകം’, വിൽപന സ്ത്രീകൾക്ക് ആവശ്യമായ സാധനങ്ങൾ; റെയ്ഡിൽ പിടികൂടിയത് ലഹരി വസ്തുക്കൾ
വെമ്പായം: പഴയകാല സിനിമയെ ഓർമിപ്പിക്കുന്ന തരത്തിൽ കടയ്ക്ക് അധോലോകം എന്ന് പേരിട്ടു. അതിനുള്ളിൽ പേരുപോലെ തന്നെ മയക്കുമരുന്ന് കച്ചവടവും. ആന്റി നർക്കോട്ടിക് സെൽ നടത്തിയ പരിശോധനയിലാണ് കടയിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയത്.
എം.സി. റോഡിൽ വെമ്പായം ജങ്ഷനു സമീപം, സ്ത്രീകളുടെ വസ്ത്രങ്ങൾ കച്ചവടം നടത്തിയിരുന്ന കടയിലാണ് ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെ ആന്റി നർക്കൊട്ടിക് സെൽ സ്പെഷ്യൽ ടീമും, വെഞ്ഞാറമൂട് പോലീസും ചേർന്ന് പരിശോധന നടത്തിയത്. നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി.ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. 2.1 ഗ്രാം എം.ഡി.എം.എ.യും, 317 ഗ്രാം കഞ്ചാവും, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 60 പാക്കറ്റോളം ഒ.സി.ബി. പേപ്പറുമായി നാലുയുവാക്കളെ അറസ്റ്റു ചെയ്യുകയായിരുന്നു. വെമ്പായം സ്വദേശി റിയാസ് (38), തേമ്പാംമൂട് സ്വദേശി സുഹൈൽ (25), വെമ്പായം സ്വദേശി ബിനു (37), പിരപ്പൻകോട് സ്വദേശി ഷംനാദ് (40) എന്നിവരാണ് പിടിയിലായത്.
അന്യസംസ്ഥാനത്തുനിന്നു വാഹനത്തിൽ വസ്ത്രക്കെട്ടുകളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടയിലെത്തിച്ച് വില്പന നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വസ്ത്രവില്പനയുടെ മറവിലായിരുന്നു മയക്കുമരുന്നു കച്ചവടം. കടയിലെത്തുന്ന യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു കച്ചവടം. രണ്ടാഴ്ചയിലേറെ നിരീക്ഷണം നടത്തിയശേഷമായിരുന്നു പോലീസ് കടയ്ക്കുള്ളിൽ പരിശോധന നടത്തിയത്. കട പോലീസ് അടപ്പിച്ചു