സ്വത്ത് തര്‍ക്കം, മരുമകന് നല്‍കിയത് സയനൈഡ് കലര്‍ത്തിയ മദ്യം; 58-കാരനും ബന്ധുവും മരിച്ചു
പൊള്ളാച്ചി: കഴിഞ്ഞദിവസം മദ്യപിച്ച് രണ്ടുപേര്‍ മരിച്ചസംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മരുമകനെ പോലീസ് അറസ്റ്റുചെയ്തു. സയനൈഡ് കലര്‍ത്തിയ മദ്യംനല്‍കി ഭാര്യാപിതാവിനെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിലാണ് സൂലൂര്‍ പൊന്നകന്നി സ്വദേശിയായ ഡി. സത്യരാജ് (30) അറസ്റ്റിലായത്.
ഭാര്യാപിതാവിനോടുള്ള വ്യക്തിവൈരാഗ്യമാണ് കാരണം. സ്വത്തുവിറ്റ പണം തരാത്തതുസംബന്ധിച്ച് ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. ഞായറാഴ്ച മദ്യത്തില്‍ സയനൈഡ് കലര്‍ത്തി ഭാര്യാപിതാവ് ആര്. മനോഹരനെ (58) ഏല്‍പ്പിച്ചു. മനോഹരന് ബന്ധുവായ എ. വേലുസ്വാമിയെയും (56) കൂട്ടി വൈകീട്ട് മദ്യപിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഇരുവരെയും ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
തുടര്‍ന്ന്, സൂലൂര്‍ ഇന്‍സ്പെക്ടര്‍ ആര്. മാതയ്യന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനിടെ, അമിത മദ്യപാനമാണ് മരണകാരണമെന്ന് സത്യരാജ് പോലീസിനെ അറിയിച്ചു. പോസ്റ്റ്മോര്ട്ടംചെയ്താല് ശരീരത്തിലെ അവയവങ്ങള്‍ നഷ്ടപ്പെടുമെന്നും ചെയ്യരുതെന്നും ബന്ധുക്കളോട് ഇയാള്‍ ആവശ്യപ്പെട്ടത് സംശയത്തിനിടയാക്കി.
പോസ്റ്റ്മോര്‍ട്ടത്തിലാണ് വിഷം ഉള്ളില്‍ച്ചെന്ന കാര്യം കണ്ടെത്തിയത്. സത്യരാജിനെ പോലീസ് ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.