എട്ട് മന്ത്രിമാർക്ക് സുപ്രധാന ചുമതല, ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പരമാവധി സീറ്റ് നേടാൻ ആക്ഷൻ പ്ളാനുമായി സിപിഎം
തിരുവനന്തപുരം: ബംഗാളിലും ത്രിപുരയിലും സമീപകാലത്ത് തിരിച്ചുവരവിനുള്ള പ്രതീക്ഷയില്ലാത്തതിനാൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് പരമാവധി സീറ്റുകൾ നേടിയെടുക്കാൻ സി.പി.എം . തിരഞ്ഞെടുപ്പിനുള്ള സംഘടനാ തയ്യാറെടുപ്പുകൾ ഉടൻ ആരംഭിക്കും.സംസ്ഥാനത്തെ ലോക്സഭാ മണ്ഡലങ്ങളിൽ പാർട്ടി മന്ത്രിമാർക്ക് ചുമതല നിശ്ചയിച്ചു. ഓണാഘോഷങ്ങൾക്ക് ശേഷം ചേരുന്ന വിവിധ മണ്ഡലം കമ്മിറ്റി യോഗങ്ങളിൽ ചുമതലയുള്ള മന്ത്രിമാർ പങ്കെടുക്കണമെന്നാണ് പാർട്ടി നിർദ്ദേശം. ഓരോ മണ്ഡലത്തിലെയും ജനകീയ വിഷയങ്ങൾ മനസിലാക്കി പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയാണ് മന്ത്രിമാർക്കുള്ള ചുമതല.എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയാകുന്നതിന് മുമ്പുള്ള സംസ്ഥാന നേതൃയോഗങ്ങളിലായിരുന്നു മന്ത്രിമാരുടെ ചുമതലകൾ സംബന്ധിച്ച തീരുമാനമായത്. എം.വി.ഗോവിന്ദൻ മന്ത്രി സ്ഥാനം ഒഴിഞ്ഞ സ്ഥിതിക്ക് മലബാറിലെ മണ്ഡലങ്ങളുടെ ചുമതലകളിൽ മാറ്റമുണ്ടാകും. പുതിയ മന്ത്രി എം.ബി രാജേഷിനും ചുമതല നിശ്ചയിക്കും.മറ്റ് മന്ത്രിമാരുടെ ചുമതലകൾ വി.ശിവൻകുട്ടി- തിരുവനന്തപുരം,ആറ്റിങ്ങൽ. കെ.എൻ. ബാലഗോപാൽ- കൊല്ലം, ആലപ്പുഴ വീണാ ജോർജ്- മാവേലിക്കര, പത്തനംതിട്ട വി.എൻ. വാസവൻ- ഇടുക്കി, കോട്ടയം പി.രാജീവ്- എറണാകുളം, ചാലക്കുടി ആർ.ബിന്ദു-തൃശൂർ കെ.രാധാകൃഷ്ണൻ- പാലക്കാട്, ആലത്തൂർ പി.എ. മുഹമ്മദ് റിയാസ്- പൊന്നാന്നി, മലപ്പുറം