പടക്കം പൊട്ടിയാൽ ക്ഷമിച്ചെന്ന് വരും പക്ഷേ കുട്ടിയെ തൊട്ടാലോ? അഞ്ച് മണിക്കൂറിനുള്ളിലാണ് കേരള പൊലീസ് പ്രതിയെ പിടിച്ചത്
കൊല്ലം: കണ്ണനല്ലൂരിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ പതിനാലുകാരനെ പഴുതടച്ച നീക്കത്തിലൂടെയാണ് പൊലീസ് അഞ്ച് മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തിയത്.
തിങ്കൾ, വൈകിട്ട് 6.30:ആറംഗ സംഘം തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിൽ തട്ടിക്കൊണ്ടു പോകുന്നു.
6.50: മാതാപിതാക്കൾ നിലവിളിച്ചുകൊണ്ട്കൊട്ടിയം പൊലീസ് സ്റ്റേഷനിൽ. സി.ഐ ജിംസ്റ്റലിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തേക്ക് .
7.10: എതിർവശത്തെ വീട്ടിലെ സി.സി.ടി.വിയിലെ ദൃശ്യങ്ങളിൽ നിന്ന് കാറിന്റെ നമ്പർ ലഭ്യമായി.
7.30: ദൃശ്യങ്ങൾ പൊലീസ് വാട്സ് ആപ്പിലേക്കും തമിഴ്നാട് പൊലീസിലേക്കും. കാർ ആറ്റിങ്ങൽ കടന്നതായി സൂചന.
രാത്രി 8.36: കാറിന്റെ നമ്പർ ഉപയോഗിച്ച് ഉടമയെ തിരിച്ചറിഞ്ഞു. കുഴിത്തുറയിലെ റെന്റ് എ കാർ സ്ഥാപനത്തിൽനിന്ന് ഒരാഴ്ച മുമ്പ് വാടകയ്ക്ക് വിട്ടുകൊടുത്തത്. കാറെടുത്തയാളുടെ ഫോൺ നമ്പർ ലഭിച്ചു. നമ്പരിന്റെ ടവർ ലൊക്കേഷൻ രാത്രി 8.36ന് കഴക്കൂട്ടം പിന്നിട്ടതായി വിവരം. പൊലീസ് തമിഴ്നാട്ടിലേക്കുള്ള എല്ലാ റോഡുകളിലും നിലയുറപ്പിച്ചു.
രാത്രി 10: മണ്ണക്കല്ല് പള്ളിക്ക് സമീപംവച്ച് പൂവാർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസിനെ വെട്ടിച്ച് ഇടറോഡിലേക്ക് കാർ ഓടുന്നു. പൊലീസ് പിന്നാലെ.
പട്ടിയക്കാലയ്ക്ക് സമീപം കാർ ഉപേക്ഷിച്ച നിലയിൽ. മുൻഭാഗം ഇടിച്ച് ചളുങ്ങിയിരുന്നു. തമിഴ്നാട്സംഘം പതിനാലുകാരനെ ചുമലിലേറ്റി തൊട്ടടുത്ത ജംഗ്ഷനിലേക്ക് നടന്നുപോയിരുന്നു. അവിടെ നിന്ന് ഓട്ടോറിക്ഷയിൽ തമിഴ്നാട്ടിലേക്ക്.
രാത്രി 11.30: പാറശാല കോഴിവിള ചെക്ക് പോസ്റ്റിന് സമീപം എ.എസ്.ഐ യാക്കൂബിനും സംഘത്തിനും മുന്നിൽ ഓട്ടോറിക്ഷ വന്നുപെട്ടു. തടഞ്ഞപ്പോൾഒരാൾ ഇറങ്ങിയോടി. പൊലീസ് ഓട്ടോ വളഞ്ഞു. അവശനിലയിലായിരുന്ന പതിനാലുകാരനും ഒപ്പമുണ്ടായിരുന്ന മാർത്താണ്ഡം കാട്ടാത്തുറ സ്വദേശി ബിജുവും കസ്റ്റഡിയിൽ.
ചൊവ്വ പുലർച്ചെ 4 മണി: പതിനാലുകാരനെ കൊട്ടിയം സ്റ്റേഷനിലെത്തിച്ച് രക്ഷാകർത്താക്കൾക്ക് കൈമാറി.
‘കാറിൽ വച്ച് ഗുളിക നൽകി മയക്കി”
പതിനാലുകാരൻ പറയുന്നത്: വലിച്ചിഴച്ച് കാറിൽ കയറ്റുന്നതിനിടയിൽ കാൽ മുറിഞ്ഞു. കാറിൽ കയറിയ ശേഷം ഒരാൾ മൊബൈൽ ഫോണിലുണ്ടായിരുന്ന ഒരു ഫോട്ടോയെടുത്ത് ഒത്തുനോക്കി. അത് താനും സഹോദരിയും നിൽക്കുന്ന ചിത്രമായിരുന്നു. വീട്ടിലേക്കുള്ള ഇടവഴി പിന്നിട്ടപ്പോൾ ഒരു ഗുളിക നിർബന്ധിച്ച് കഴിപ്പിച്ചു. പിന്നീടൊന്നും ഓർമ്മയില്ല. പൊലീസുകാർ മുഖത്ത് വെള്ളം തളിച്ചപ്പോഴാണ് ഓർമ്മ വന്നത്.
മദ്യപിച്ച് മയങ്ങിയെന്ന് ഓട്ടോ ഡ്രൈവറോട്
മാർത്താണ്ഡത്ത് പോകാനായി കളിയിക്കാവിളയിൽ വിടണമെന്നായിരുന്നു തമിഴ്നാട് സംഘം ഓട്ടോഡ്രൈവറോട് ആവശ്യപ്പെട്ടത്.
സംഘത്തിലെ രണ്ടുപേർ മാത്രമേ ഓട്ടോയിൽ കയറിയുള്ളു. കുട്ടിക്ക് എന്ത് പറ്റിയെന്ന് ചോദിച്ചപ്പോൾ അമിതമായി മദ്യപിച്ച് അവശനായെന്നായിരുന്നു മറുപടി. അസമയത്ത് അപരിചിതരുമൊത്തുളള യാത്ര ആയതിനാൽ ഓട്ടോ ഡ്രൈവർ രണ്ടു സുഹൃത്തുക്കളെക്കൂടി കൂട്ടി. നിരപരാധികളാണെന്ന് ബോദ്ധ്യപ്പെട്ടതിനാൽ ഓട്ടോ സഹിതം വിട്ടയച്ചു.
രണ്ടാമത്തെ കാറിനായി തെരച്ചിൽ
പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള കറുത്ത സ്വിഫ്ട് കാറിന് പുറമേ മറ്റൊരു കാർ കൂടി സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ കാറിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ക്വട്ടേഷൻ സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങൾ തമിഴ്നാട് പൊലീസിന് കൈമാറിയിട്ടുണ്ട്. പൂവാർ സ്റ്റേഷൻ പരിധിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാർ കൊട്ടിയം പൊലീസ് കസ്റ്റഡിയിൽ വാങ്ങി.ഫിസിയോ തെറാപ്പിസ്റ്റിനായി അന്വേഷണം
പതിന്നാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മാർത്താണ്ഡം സ്വദേശിയായ ഫിസിയോ തെറാപ്പിസ്റ്റ് ജിനുവിനായി തമിഴ്നാട് പൊലീസുമായി ചേർന്ന് കേരള പൊലീസ് തെരച്ചിൽ ആരംഭിച്ചു. സെയ്ഫ് കഴിഞ്ഞ ദിവസങ്ങളിൽ ജിനുവമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ജിനുവാണ് ക്വട്ടേഷൻ ഇടപാടിന്റെ ഇടനിലക്കാരനെന്നാണ് സൂചന. ഇതിനിടെ ചോദ്യം ചെയ്യലിൽ ക്വട്ടേഷൻ തുക ഒരുലക്ഷം രൂപയാണെന്ന് അറസ്റ്റിലായ മാർത്താണ്ഡം സ്വദേശി ബിജു പറഞ്ഞു. ഇന്നലെ അന്വേഷണ സംഘം സെയ്ഫിന്റെ മാതാവിന്റെ മൊഴിയും രേഖപ്പെടുത്തി.