എട്ടാം ക്ലാസില്‍ കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാക്കി ; കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുളള ആദ്യ എയര്‍ഹോസ്റ്റസായി ഗോപിക
തിരുവനന്തപുരം: എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ പുഞ്ചിരിയോടെ വരവേല്‍ക്കാന്‍ ഇനി കണ്ണൂര്‍ സ്വദേശിനി ഗോപിക ഗോവിന്ദും ഉണ്ടാകും. കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുളള ആദ്യ എയര്‍ഹോസ്റ്റസായി ഗോപിക പറന്നുയരാന്‍ ഇനി മുംബൈയിലെ എയര്‍ ഇന്ത്യയില്‍ ഒരു മാസത്തെ പരിശീലനം കൂടി പൂര്‍ത്തിയാക്കിയാല്‍ മതി.
കണ്ണൂര്‍ ആലക്കോട് സ്വദേശിനിയായ ഗോപിക ഗോവിന്ദ് കൂലിപ്പണിക്കാരനായ ഗോവിന്ദന്റെയും ബിജിയുടെയും മകളാണ്. ആലക്കോട്ടെ കണിയഞ്ചാല്‍ ഗവ. ഹൈസ്കൂളില്‍ എട്ടില്‍ പഠിക്കുമ്പോള്‍ ഗോപിക മനസിലേറ്റിയ സ്പനമാണ് ഈ ജോലി. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അയാട്ട എയര്‍ലൈന്‍സ് കസ്റ്റമര്‍ സര്‍വീസ് കോഴ്സ് പഠിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഗോപിക തന്റെ സ്വപ്നത്തിലേക്ക് പറന്നുയര്‍ന്നത്.
വയനാട്ടിലെ ഡ്രീംസ്കൈ ഏവിയേഷന്‍ ട്രെയിനിങ് അക്കാദമിയിലായിരുന്നു പരിശീലനം. കോഴ്സ് പൂര്‍ത്തിയാകും മുമ്പേയാണ് ജോലി ലഭിച്ചത്. സ്വപ്നം സാക്ഷാത്കരിച്ച എല്‍ഡിഎഫ് സര്‍ക്കാരിനോട് സന്തോഷം പങ്കുവെക്കാന്‍ ഗോപിക ചൊവ്വാഴ്ച നിയമസഭയിലെത്തി. താനുള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗക്കാര്‍ക്ക് കോഴ്സിന്റെ ഉയര്‍ന്ന ഫീസും മറ്റ് ചെലവുകളുമുള്‍പ്പെടെ താങ്ങാനായത് സര്‍ക്കാരിന്റെ സഹായം കൊണ്ടുമാത്രമാണെന്ന് ഗോപിക പറഞ്ഞു. ഒരുലക്ഷം രൂപയോളമുള്ള ഫീസും സ്റ്റൈപെന്‍ഡും താമസസൗകര്യവുമെല്ലാം സര്‍ക്കാര്‍ ഒരുക്കിത്തന്നു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ വിദഗ്ധ പരിശീലനവും നല്‍കിയതായും ഗോപിക പറഞ്ഞു.
സര്‍ക്കാര്‍ സഹായത്തോടെ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചൊവ്വാഴ്ച നിയമസഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ എം ബി രാജേഷ്, മന്ത്രി കെ രാധാകൃഷ്ണന് എന്നിവരെ കണ്ടു. വിവിധ ജില്ലക്കാരായ 60 വിദ്യാര്‍ഥികളാണ് നിയമസഭ സന്ദര്‍ശിച്ചത്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ സ്കോളര്‍ഷിപ്പോടെ 160 പേരാണ് കോഴ്സിലുള്ളത്. ആറ് മാസ കോഴ്സ് പഠിച്ചിറങ്ങിയ 93 പേര്‍ക്കും ഒരു വര്‍ഷ കോഴ്സ് കഴിഞ്ഞ 11 പേര്‍ക്കും വിവിധ എയര്‍ലൈനുകളില്‍ ജോലി ലഭിച്ചു. മുന്‍വര്‍ഷം പട്ടികജാതി വിഭാഗക്കാരായ 28 കുട്ടികള്‍ക്കും ജോലി ലഭിച്ചിരുന്നു.