മിന്നൽ പ്രളയത്തിൽ കിട്ടിയ അവസരം മുതലാക്കി ഹോട്ടലുകാർ, കുടുംബത്തോടെ ഒരു ദിവസം തങ്ങാൻ ഈടാക്കുന്നത് നാൽപ്പതിനായിരം
ബംഗളൂരു : മിന്നൽ പ്രളയത്തിൽ ബംഗളൂരു മുങ്ങിയപ്പോൾ പല വീടുകളും വെള്ളത്തിലായി. സമ്പന്നർ താമസിക്കുന്ന പോഷ് കോളനികളടക്കം വെള്ളത്തിലായതോടെ ഇവർ ഹോട്ടലുകളിലാണ് അഭയം തേടിയത്. എന്നാൽ അഭയം തേടിയെത്തിയ സമ്പന്നരെ കിട്ടിയ അവസരത്തിൽ നിരക്കുകൾ നാലിരട്ടിയാക്കി കൊള്ളയടിക്കുകയാണ് നഗരത്തിലെ ആഡംബര ഹോട്ടലുകാർ. ഒരു രാത്രിക്ക് ശരാശരി മുപ്പതിനായിരം മുതൽ നാൽപ്പതിനായിരം രൂപവരെയാണ് ഈടാക്കിയത്.ഓൾഡ് എയർപോർട്ട് റോഡിലെ ഒരു ഹോട്ടലിൽ ഒരു രാത്രി ചെലവഴിക്കാൻ നാലംഗ കുടുംബം 42,000 രൂപ ചെലവഴിച്ചുവെന്ന്പർപ്പിൾഫ്രണ്ട് ടെക്നോളജീസിന്റെ സിഇഒയും സ്ഥാപകയുമായ മീന ഗിരിസബല്ല പറഞ്ഞു.
നഗരത്തിലെ വൈറ്റ്ഫീൽഡ്,ഔട്ടർ റിംഗ് റോഡ്, ഓൾഡ് എയർപോർട്ട് റോഡ്, കോറമംഗല എന്നിവിടങ്ങളിലെ ചില ഹോട്ടലുകളിലേക്ക് റൂം അന്വേഷിച്ച് വിളിച്ചവരോട് വെള്ളിയാഴ്ച വരെ പൂർണ്ണമായി റൂമുകൾ ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്. നിരക്കുകൾ കുത്തനെ ഉയർത്തിയിട്ടും റൂമുകൾ ഒഴിവില്ലാത്ത അവസ്ഥയാണ്. വെള്ളപ്പൊക്കത്തിന് പിന്നാലെ വൈദ്യുത വിതരണം തടസമായതാണ് ഫ്ളാറ്റുകളിലും മറ്റും കഴിയുന്നവരേയും വലച്ചത്. ഇതാണ് ഹോട്ടൽ മുറികളിലേക്ക് മാറാൻ ഇവരെ പ്രേരിപ്പിച്ചത്. എന്നാൽ നായകളടക്കമുള്ള വളർത്ത് മൃഗങ്ങളുള്ളവർക്ക് ഇതിനും കഴിഞ്ഞില്ല.വെള്ളക്കെട്ട് ഒഴിഞ്ഞാലും വീടുകൾ വൃത്തിയാക്കാൻ സമയമെടുക്കും. ഇതാണ് സ്റ്റാർ ഹോട്ടലുകളിലെ മുറികൾ ബുക്ക് ചെയ്തവർ പത്ത് ദിവസത്തോളം തുടർച്ചയായ ദിവസങ്ങൾ എടുക്കാൻ കാരണം.