ബൈക്ക് വാങ്ങാൻ പണമില്ല; സ്കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി കൊന്ന് കനാലിൽ തളളി, പ്രതികൾ പിടിയിൽ
കൊൽക്കത്ത: ആറംഗ സംഘം തട്ടിക്കൊണ്ടുപോയ രണ്ട് സ്കൂൾ വിദ്യാർത്ഥികളുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തി. കൊല്‍ക്കത്തയിലെ ബഗുയ്ഹാതി സ്വദേശികളായ അത്താനു ഡേ, അഭിഷേക് നസ്കര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊൽക്കത്തയ്ക്ക് സമീപം റോഡരികിലെ കനാലിലെ രണ്ടിടങ്ങളിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.കഴിഞ്ഞ മാസം 22നാണ് രണ്ട് വിദ്യാർത്ഥികളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. കഴിഞ്ഞ ദിവസം ഒരാൾ പിടിയിയതോടെയാണ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ വിവരം പുറത്തുവന്നത്. തുടർന്ന് ഇയാൾ പറഞ്ഞതനുസരിച്ചാണ് കനാലിൽ തെരച്ചിൽ നടത്തി മൃതദേഹങ്ങൾ കണ്ടെടുത്തത്. സംഭവത്തിൽ അഭിജിത്ത് ബോസ് എന്നയാളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ സത്യേന്ദ്ര ചൗധരിയടക്കം രണ്ടുപേർ ഒളിലിലാണ്.വീട്ടുകാരിൽ നിന്ന് പണം കൈക്കലാക്കാനാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് അറസ്റ്റിലായ പ്രതികൾ നൽകിയ മൊഴി. ബൈക്ക് വാങ്ങാനുള്ള അമ്പതിനായിരം രൂപയ്ക്ക് വേണ്ടിയായിരുന്നു തട്ടിക്കൊണ്ടുപോയത്. തുടർന്ന് വീട്ടുകാരെ വിളിച്ച് പണം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇവർ കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു. കഴുത്ത് ഞെരിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഹൈവേയിലെ രണ്ടിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ യാതൊരു തെളിവുകളും ഉണ്ടാകാതിരിക്കാനാണ് രണ്ടുപേരെയും കൊലപ്പെടുത്തിയതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.