കൽക്കരി അഴിമതിക്കേസിൽ ബംഗാൾ നിയമമന്ത്രിയുടെ വീട്ടിൽ സി ബി ഐ റെയ്ഡ്; പരിശോധന നടത്തുന്നത് മൂന്ന് വസതികളടക്കം ആറിടത്ത്
കൊൽക്കത്ത: ബംഗാൾ നിയമമന്ത്രി മൊലായ് ഗഡകിന്റെ വീടുകളിൽ സി ബി ഐ റെയ്ഡ്. കൽക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. പശ്ചിമ ബർദമാൻ ജില്ല, അസൻസോൽ, കൊൽക്കത്ത ലെയ്ക്ക് ഗാർഡൻ എന്നിവടങ്ങളിലെ മന്ത്രിയുടെ വസതികളടക്കം ആറിടങ്ങളിലാണ് റെയ്ഡ് നടത്തുന്നത്.കേന്ദ്രസേനകളും, വനിതാ ഉദ്യോഗസ്ഥരും സി ബി ഐ സംഘത്തിനൊപ്പമുണ്ട്. കൽക്കരി ഇടപാടിൽ മന്ത്രി ഇടപെട്ടതിനുള്ള തെളിവ് ലഭിച്ചിട്ടുണ്ടെന്ന് സി ബി ഐ ഉദ്യോഗസ്ഥർ പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും മമതാ ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനർജിയെ അടുത്തിടെ ചോദ്യം ചെയ്തിരുന്നു.കൽക്കരി അഴിമതിക്കേസിൽ കഴിഞ്ഞ ജൂലായിൽ സി ബി ഐ കുറ്രപത്രം സമർപ്പിച്ചിരുന്നു. നാൽപ്പത്തിയൊന്ന് പേർക്കെതിരെയാണ് സി ബി ഐ കുറ്രപത്രം.