പാലക്കാട് സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ; ബസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്
പാലക്കാട്: അമിതവേഗത്തിൽ ഓവർടേക്ക് ചെയ്ത സ്വകാര്യബസിനെ സ്കൂട്ടർ യാത്രക്കാരിയായ യുവതി ഒന്നരക്കിലോമീറ്ററോളം പിന്തുടർന്ന് തടഞ്ഞിട്ട് പ്രതിഷേധിച്ച സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ പട്ടാമ്പി ജോയിന്റ് ആർടിഒ നടപടി ആരംഭിച്ചു. ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഇരുവരും ഏഴ് ദിവസത്തിനകം വിശദീകരണം നൽകണം. ഉടൻ തന്നെ ജോയിന്റ് ആർടിഒ ഓഫീസിൽ ബസ് ഹാജരാക്കാൻ ഉടമയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ബസിൽ വേഗപ്പൂട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. സംഭവത്തെ തുടർന്ന് പാലക്കാട്-ഗുരുവായൂർ റൂട്ടിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കും.കഴിഞ്ഞ ദിവസമാണ് അമിതവേഗത്തിൽ ഓവർടേക്ക് ചെയ്ത സ്വകാര്യബസിനെ സ്കൂട്ടർ യാത്രക്കാരിയായ സാന്ദ്ര ഒന്നരക്കിലോമീറ്ററോളം പിന്തുടർന്ന് തടഞ്ഞിട്ട് പ്രതിഷേധിച്ചത്. പാലക്കാട് – ഗുരുവായൂർ റൂട്ടിൽ ഓടുന്ന ‘രാജപ്രഭ” ബസ് കൂറ്റനാട് ചാലിശേരിയിലൂടെ പോകുമ്പോഴാണ് മരണപ്പാച്ചിൽ നടത്തിയത്. ചാലിശ്ശേരിക്കു സമീപമാണ് സാന്ദ്ര ബസ് തടഞ്ഞിട്ടത്. അപകടകരമായ വേഗമായിരുന്നു ബസിന്റേതെന്നും തന്നെ ഇടിച്ച മട്ടിലാണ് കടന്നുപോയതെന്നും യുവതി പറഞ്ഞു. എതിരെ വന്ന ലോറിയെ കടന്നുപോകുന്നതിനിടെയാണ് ബസ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഈ അതിക്രമം ഉണ്ടായത്. കടന്നു പോകാനാകില്ല എന്ന് ഉറപ്പായിട്ടും ഡ്രൈവർ ഓവർടേക്ക് ചെയ്തതിനാൽ സാന്ദ്രയ്ക്ക് സ്കൂട്ടർ റോഡരികിലെ കനാലിലേക്ക് വെട്ടിച്ച് ഇറക്കേണ്ടി വന്നു.വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് താൻ രക്ഷപെട്ടതെന്ന് സാന്ദ്ര ആരോപിച്ചു. ബസ് തടയുമ്പോൾ ഡ്രൈവറുടെ ചെവിയിൽ ഇയർഫോണുണ്ടായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.