കൊല്ലത്ത് വിവാഹം ചെയ്യാനായി യുവതിയെ കത്തികാട്ടി തട്ടിക്കൊണ്ടുപോയി, പിടിയിലായത് തിരുവനന്തപുരം സ്വദേശി
കൊല്ലം: യുവതിയെ ബലമായി തട്ടിക്കൊണ്ട് പോയി വിവാഹം ചെയ്യാൻ ശ്രമിച്ച യുവാവിനെ അഞ്ചാലുംമൂട് പൊലീസ് പിടികൂടി. തിരുവനന്തപുരം ആര്യനാട് വള്ളിമംഗലം തടത്തഴികത്ത് വീട്ടിൽ അനന്തു(23) ആണ് പൊലീസിന്റെ പിടിയിലായത്. കടവൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ തങ്കശ്ശേരി സ്വദേശിനിയെയാണ് ഇയാൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.യുവതിയുമായി മുമ്പ് അടുപ്പത്തിൽ ആയിരുന്ന അനന്തു ജോലികഴിഞ്ഞ് ആശുപത്രിക്ക് പുറത്തിറങ്ങിയ യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാറിൽ കയറ്റികൊണ്ട് പോവുകയും ഫോൺ ചെയ്യാൻ ശ്രമിച്ചപ്പോൾ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വിരോധമാണ് സംഭവത്തിന് പിന്നിൽ. യുവതിയുടെ എതിർപ്പിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ചു. യുവതിയുടെ പരാതിയിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അഞ്ചാലുംമൂട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.