മമ്മൂട്ടി ആരാധകർ കാത്തിരുന്ന അപ്ഡേറ്റ് ഇതാണ്, നിഗൂഢതകളുടെ ചുരുളഴിയാൻ ഇനി മണിക്കൂറുകൾ മാത്രം
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് ‘റോഷാക്ക്’. ടെെറ്റിൽ പ്രഖ്യാപനം മുതൽക്കേ ആരാധകർ ഏറെ പ്രതീക്ഷ പുലർത്തുന്ന ചിത്രമാണിത്.ചിത്രത്തിന്റെ പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം ശ്രദ്ധനേടിയിരുന്നു. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം ദുബായിലും കൊച്ചിയിലുമായാണ് ചിത്രീകരിച്ചത്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദുപണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ എന്നിവരാണ് മറ്റു താരങ്ങൾ.ആസിഫ് അലി അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നും വിവരങ്ങളുണ്ട്. നിമിഷ് രവി ആണ് ഛായാഗ്രഹണം. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. സമീർ അബ്ദുള്ളയാണ് രചന. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം തിയേറ്ററിൽ എത്തിക്കുന്നത്.ഇപ്പോഴിതാ ‘റോഷാക്കി’ന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ട്രെയിലർ നാളെ പുറത്ത് വിടും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ട്രെയിലര്‍ റിലീസ് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററാണ് താരം പങ്കുവച്ചിരിക്കുന്നത്.