ഓണപ്രതീക്ഷകൾ മങ്ങില്ല, കെ എസ് ആർ ടി സിയ്ക്ക് 100 കോടി അനുവദിച്ച് സർക്കാർ, പണം നൽകുന്നത് ഉപാധിയോടെ
തിരുവനന്തപുരം: ശമ്പള കുടിശിക തീർക്കുന്നതിന് കെ എസ് ആർ ടി സിയ്ക്ക് 100 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുമെന്ന ഉപാധിയോടെയാണ് പണം നൽകുന്നത്. ഇത് സംബന്ധിച്ച് ചർച്ചചെയ്യുന്നതിനായി കെ എസ് ആർ ടി സി സി എം ഡി ബിജു പ്രഭാകർ യോഗം വിളിച്ചു. മൂന്നരയോടെയാണ് യോഗം ചേരുന്നത്.കെ എസ് ആർ ടി സി ആസ്ഥാനത്ത് ക്ളസ്റ്റർ ഉദ്യോഗസ്ഥരുടെ യോഗമാണ് ചേരുന്നത്. കെ എസ് ആർ ടി സിയിലെ ശമ്പള വിതരണം ഇന്ന് പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. ഓണത്തിന് മുൻപായി ശമ്പള കുടിശിക തീർക്കുമെന്ന് യൂണിയൻ നേതാക്കളുമായി കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. പരമാവധി ഇന്നുതന്നെ ജീവനക്കാർക്ക് പണം ലഭിക്കുന്ന രീതിയിൽ നടപടിയെടുക്കാൻ ധനവകുപ്പിന് നിർദേശം നൽകിയിരിക്കുകയാണ്.