വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ ആഘാത പഠനത്തിന് പ്രത്യേക സമിതി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പശ്ചാത്തലത്തിൽ തീരങ്ങളിലും മറ്റും ഉണ്ടാകുന്ന ആഘാതങ്ങളെ കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാൻ ധാരണ. സമിതിയിൽ സമരക്കാരുടെ പ്രതിനിധിയെ ഉൾപ്പെടുത്തും. സമര സമിതി പ്രതിനിധികൾ ഉപസമിതി അംഗങ്ങളായ ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാൻ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രിമാർ ഉറപ്പുനൽകി. സമരക്കാരുടെ ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണവും പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വാടക നൽകി പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി പ്രകാരം ക്യാമ്പുകളിൽ കഴിയുന്ന മുഴുവൻ പേർക്കും തുക അനുവദിക്കും. പുനരധിവാസവുമായി ബന്ധപ്പെട്ട് മുട്ടത്തറയിൽ ഏറ്റെടുത്ത എട്ടേക്കറിൽ ഫ്ളാറ്റ് നിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു.കാലാവസ്ഥ പ്രതിസന്ധി കാരണം തൊഴിൽ നഷ്ടമായതിന് നഷ്ടപരിഹാരം നൽകുന്ന വിഷയത്തിൽ ഫിഷറീസ് ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കും. കപ്പൽ ചാനലുമായി ബന്ധപ്പെട്ട അവ്യക്തതകൾ പരിഹരിക്കുന്ന കാര്യത്തിൽ പോർട്ട് സെക്രട്ടറിയുമായി ചർച്ച നടത്തും. തുറമുഖ നിർമ്മാണം നിർത്തിവച്ച് പഠനം നടത്തണമെന്ന ആവശ്യം സമരപ്രതിനിധികൾ ശക്തമായി ഉന്നയിച്ചുവെങ്കിലും ഇക്കാര്യത്തിൽ കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാൻ കഴിയില്ലെന്ന് മന്ത്രിമാർ വ്യക്തമാക്കി. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് മണൽ കയറി ആഴം കുറഞ്ഞ് അപകടങ്ങൾ ഉണ്ടാകുന്ന വിഷയവും പ്രത്യേക സമിതിയുടെ പഠനത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രിമാർ അറിയിച്ചു. വികാരി ജനറൽ യൂജിൻ പെരേരയുടെ നേതൃത്വത്തിലാണ് സമരസമിതി ചർച്ചയിൽ പങ്കെടുത്തത്.